കേപ് ടൗണ്‍: അണ്ടര്‍ 19 വനിത ടി20 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ മത്സരം പിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങി ശ്രീലങ്കയ്‌ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 59 റണ്‍സെടുക്കാനാണ് സാധിച്ചത്.
മറുപടിക്കിറങ്ങിയ ഇന്ത്യ 7.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 15 പന്തില്‍ 28 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സൗമ്യ തിവാരിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടക്കം തന്നെ ക്യാപ്റ്റന്‍ ഷഫാലി വര്‍മ (15), റിച്ചാ ഘോഷ് (4) എന്നിവരെ നഷ്‌ടമായതോടെ 2.4 ഓവറില്‍ രണ്ടിന് 20 എന്ന നിലയിലായിരുന്നു ഇന്ത്യ.
മൂന്നാം വിക്കറ്റായി ശ്വേത സെഹ്‌റാവത് (13) തിരിച്ച് കയറുമ്പോള്‍ ലക്ഷ്യത്തിന് അഞ്ച് റണ്‍സ് അകലെയായിരുന്നു ഇന്ത്യ. തുടര്‍ന്നെത്തിയ ഗോങ്കാഡി തൃഷ (0) ഒരറ്റത്ത് നിര്‍ത്തിയ സൗമ്യ ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ, പര്‍ഷവി ചോപ്രയുടെ മിന്നും പ്രകടനമാണ് ശ്രീലങ്കയുടെ നട്ടെല്ലൊടിച്ചത്. നാല് ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങിയ പര്‍ഷവി നാല് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. മന്നത് കശ്യപ് നാല് ഓവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റും സ്വന്തമാക്കി. തിതാസ് സദു, അര്‍ച്ചന ദേവി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും നേടി.
25 റണ്‍സ് നേടിയ വിഷ്‌മി ഗുണര്തനെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടിയ ഉമയ രത്‌നായകെയാണ് രണ്ടക്കം കടന്ന മറ്റൊരു താരം. സൂപ്പര്‍ സിക്‌സില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യ ഇതോടെ വിജയ വഴിയില്‍ തിരിച്ചെത്തി.
പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍. ഒരു ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകളാണ് സെമിയില്‍ പ്രവേശിക്കുക.
ALSO READ: സച്ചിനോ കോലിയോ?; ക്ലാസിക് മറുപടിയുമായി കപില്‍ ദേവ്