ദുബായ്: ഓഗസ്‌റ്റ് 27 ന് ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ആറ് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ഏഷ്യന്‍ കിരീടത്തിനായി പോരടിക്കുന്നത്. ടി20 ലോകകപ്പിന് മുന്‍പ് ഓരോ ടീമുകളിലെയും പ്രധാന താരങ്ങള്‍ക്ക് തങ്ങളുടെ പ്രകടനം വിലയിരുത്താനും ഏഷ്യ കപ്പിലൂടെ സാധിക്കും. വരുന്ന ഏഷ്യ കപ്പില്‍ ഓരോ ടീമുകളുടെയും ജൈത്രയാത്രയ്‌ക്ക് സഹായിക്കുന്ന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
ബാബര്‍ അസം: നിലവില്‍ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമനാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ച്വറിയുമായി മികവ് തുടര്‍ന്നാണ് ബാബര്‍ ഏഷ്യ കപ്പിനെത്തുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുമ്പേള്‍ ബാബര്‍ അസമിന്‍റെ ബാറ്റിലാണ് പാക് ആരാധകരുടെ പ്രതീക്ഷ.
വിരാട് കോലി: ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ തന്‍റെ നൂറാം അന്താരാഷ്‌ട്ര ടി20 മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ വിരാട് കോലിയുടെ ബാറ്റിങ്ങിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്ന് പോകുന്ന വിരാട് കോലി ഇന്ത്യയുടെ അവസാന രണ്ട് പരമ്പരകളില്‍ കളിച്ചിരുന്നില്ല. ടി20 റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള വിരാട് കോലി ഏഷ്യ കപ്പിലൂടെ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.
വാനിഡു ഹസരംഗ: പന്ത് കൊണ്ട് എതിരാളിയെ കറക്കിവീഴ്‌ത്താനും, വാലറ്റത്ത് സ്‌ഫോടകാത്മക ബാറ്റിങ് നടത്താനും കഴിവുള്ള ശ്രീലങ്കയുടെ താരമാണ് വാനിഡു ഹസരങ്ക. ടൂര്‍ണമെന്‍റില്‍ ലങ്കന്‍ ബോളിങ് നിരയെ നയിക്കാനുള്ള ഉത്തരവാദിത്തം ഹസരങ്കയ്‌ക്കാണ്. നിലവില്‍ ബോളര്‍മാരുടെ ഐസിസി ടി20 റാങ്കിങ്ങില്‍ ആറാം സ്ഥാനത്തും, ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ പത്താം സ്ഥാനത്തുമാണ് ഹസരങ്ക.
ഷക്കിബ് അല്‍ ഹസന്‍: ബംഗ്ലാദേശ് നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഷക്കിബ് അല്‍ ഹസന്‍. ഏഷ്യ കപ്പില്‍ ബംഗ്ല കടുവകളുടെ കുതിപ്പ് ഷക്കിബ് അല്‍ ഹസന്‍റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനായാണ് ബംഗ്ലാദേശ് നായകന്‍ ഏഷ്യ കപ്പിന് എത്തുന്നത്.
റാഷിദ് ഖാന്‍: രാജ്യന്തര ടി20 ക്രിക്കറ്റിലെ മികച്ച ബോളര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് അഫ്‌ഗാനിസ്ഥാന്‍റെ റാഷിദ് ഖാന്‍. ലെഗ് സ്‌പിന്‍ ബോളിങ് കൊണ്ട് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്ന റാഷിദ് ആക്രമണോത്സുക ബാറ്റിങ്ങിനും പേരുകേട്ട താരമാണ്.