ചെന്നൈ : ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്ന താരമാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സായ് സുദര്‍ശന്‍. തന്‍റെ ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ 35 റണ്‍സുമായി വരവറയിച്ച 20കാരന്‍, അവസാനം കളിച്ച മത്സരത്തിലടക്കം ടീമിന് തുണയാവുന്ന പ്രകടനങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അര്‍ധ സെഞ്ചുറി നേടിയ തമിഴ്‌നാട്ടുകാരന്‍ പൊരുതി നിന്നു.
പുറത്താവാതെ 50 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. സുദര്‍ശന്‍റെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മിന്നുന്ന പ്രകടനം, സ്റ്റേറ്റ് ടീമിലേക്കും തുടര്‍ന്ന് ഐപിഎല്ലിലേക്കും വഴിയൊരുക്കുകയായിരുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ എട്ട് ഇന്നിങ്സുകളിൽ നിന്ന് 71.60 ശരാശരിയിൽ 358 റൺസ് നേടിയ താരം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതായിരുന്നു.
തുടര്‍ന്ന് തമിഴ്‌നാടിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്‌ജി ട്രോഫി എന്നിവയിലും സുദര്‍ശന്‍ മിന്നി. ഇതിനുപിന്നാലെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്‌ക്കാണ് 20കാരനെ ഗുജറാത്ത് ടീമിലെത്തിച്ചത്. തമിഴ്‌നാട് ടീമിന്‍റെ നായകന്‍ കൂടിയായ വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായതോടെ ലഭിച്ച അവസരമാണ് നിലവില്‍ സുദര്‍ശന്‍ വിനിയോഗിക്കുന്നത്.
ഇപ്പോഴിതാ സുദര്‍ശന്‍റെ പ്രകടനത്തില്‍ സംതൃപ്‌തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് ക്രിക്കറ്റ് ടീം കോച്ച് എം വെങ്കിട്ടരമണ. ഐപിഎല്ലില്‍ സുദര്‍ശന്‍റെ പ്രകടനത്തിന് പിന്നില്‍ കഠിനാധ്വാനമാണെന്ന് വെങ്കിട്ടരമണ പറഞ്ഞു. മികച്ച പ്രതിഭയുള്ള താരത്തിന് വലിയ ഉയരങ്ങളിലെത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"സായി (സുദർശൻ) ഒരു നല്ല അത്‌ലറ്റാണ്, അവന്‍ ഗെയിമില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അവൻ മെച്ചപ്പെടുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. മികച്ച നിരവധി ഷോട്ടുകൾ അവന്‍റെ പക്കലുണ്ട്, നിലയുറപ്പിച്ചാല്‍ ദീര്‍ഘനേരം ബാറ്റ് ചെയ്‌ത് വലിയ ഇന്നിങ്സുകള്‍ കളിക്കാന്‍ അവന് കഴിയും. അത് വലിയ ക്വാളിറ്റിയാണ്" - വെങ്കിട്ടരമണ വ്യക്തമാക്കി.