മുംബൈ : ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്നും മലയാളി ബാറ്റര്‍ സഞ്‌ജു സാംസണെ തഴഞ്ഞത് ആരാധകരെ നിരാശരാക്കിയിരുന്നു. സഞ്ജുവിന് റിസർവ് താരങ്ങളുടെ പട്ടികയിൽ പോലും ഇടം നല്‍കാതിരുന്ന സെലക്ഷന്‍ കമ്മിറ്റി ശ്രേയസ് അയ്യരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ടീമില്‍ ഇടം നേടിയത്.
ഈ വർഷം ടി20 ക്രിക്കറ്റിൽ ഏറ്റവും മികച്ച ശരാശരിയും സ്‌ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനെ പുറത്തിരുത്തിയത് വലിയ ആരാധക രോഷത്തിന് കാരണമാവുകയും ചെയ്‌തു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ സഞ്‌ജുവിനെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍ താരത്തെ പുറത്തിരുത്തിയതിന്‍റെ കാരണം വിശദീകരിച്ചിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി അംഗം.
ബോള്‍ ചെയ്യാനുള്ള കഴിവിനെ തുടര്‍ന്നാണ് സഞ്‌ജുവിനെ മറികടന്ന് ഹൂഡ ടീമിലെത്തിയതെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് സെലക്ഷന്‍ കമ്മിറ്റി അംഗത്തിന്‍റെ പ്രതികരണം.
'തീർച്ചയായും, സഞ്ജു സാംസൺ ലോക ക്രിക്കറ്റിലെ പ്രതിഭാധനനായ കളിക്കാരിലൊരാളാണ്. എന്നാൽ ഇത് ടീം കോമ്പിനേഷനുമായി ബന്ധപ്പെട്ടതാണ്. ശക്തമായ ബാറ്റിങ് നിരയുള്ള ടീമാണ് ഇന്ത്യ. ബാറ്റിങ് നിരയിലെ ആദ്യ അഞ്ചുപേരിൽ ഒരാൾ പോലും ബൗൾ ചെയ്യുന്നവരല്ല.
മത്സരത്തിനിടെ ആർക്കെങ്കിലും പരിക്കേറ്റാൽ അത് പ്രയാസകരമാവും. ഇതിനാല്‍ ആവശ്യമെങ്കില്‍ ഒന്നോ രണ്ടോ ഓവർ ബോള്‍ ചെയ്യാന്‍ കഴിയുന്ന ഒരു ബാറ്ററെയാണ് ഞങ്ങൾ നോക്കിയത്. അതിന് കഴിയുന്ന താരമാണ് ദീപക് ഹൂഡ. ബാറ്ററെന്ന നിലയിലും ഹൂഡ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്'- സെലക്ഷൻ കമ്മിറ്റി അംഗം പറഞ്ഞു.
also read: T20 world Cup | ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ബുമ്രയും ഹര്‍ഷലും ടീമിൽ, സഞ്ജുവിനെ പരിഗണിച്ചില്ല
ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ഓസ്‌ട്രേലിയയിൽ ടി20 ലോകകപ്പ്. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ സഞ്‌ജു ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെറ്ററന്‍ താരം ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലാവും ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കുക.