മുംബൈ: ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌തനായ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ടി20 റാങ്കിങ്ങില്‍ നിലവില്‍ രണ്ടാമനായ സൂര്യകുമാര്‍ മത്സരം ഒറ്റയ്‌ക്ക് മാറ്റി മറയ്‌ക്കാന്‍ കഴിയുന്ന താരമാണ്. ടി20 ലോകകപ്പിന് മുന്നോടിയായി പ്രോട്ടീസിനെതിരെ നടക്കുന്ന പരമ്പരയില്‍ മിന്നുന്ന പ്രകടന ഫോമിലാണ് സൂര്യ കളിക്കുന്നത്.
കളിച്ച രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ താരം തിളങ്ങി. ടി20 ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതയും സൂര്യകുമാറിന്‍റെ ഫോമിനെ ആശ്രയിച്ച് ഇരിക്കുന്നുവെന്നാണ് മുന്‍ സെലക്‌ടര്‍ സാബ കരീം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു സ്‌പോര്‍ട്‌സ് ഷോയിലാണ് മുന്‍ സെലക്‌ടറുടെ പ്രതികരണം.
"ടി20 ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യത പ്രധാനമായും സൂര്യകുമാർ യാദവിന്‍റെ ഫോമിനെ ആശ്രയിച്ചിരിക്കുന്നു. കളിക്കാന്‍ പ്രയാസമേറിയ സ്ഥാനത്താണ് അവന്‍ കളിക്കുന്നത് എന്നതിനാലാണ് ഞാനിത് പറയുന്നത്. ടി20 ഫോര്‍മാറ്റില്‍ മധ്യ ഓവറുകളില്‍ ഇത്രയും ഉയർന്ന സ്ട്രൈക്ക് റേറ്റില്‍ കളിക്കുന്നത് അത്ര എളുപ്പമല്ല.
കഴിവിനാലും അനുഭവ സമ്പത്തിനാലുമാണ് സൂര്യയ്‌ക്ക് ഇത് സാധ്യമാകുന്നത്. വളരെ മികച്ച താരമാണ് സൂര്യ. ശരിയായ സ്ഥലങ്ങളിലെ വിടവുകൾ കണ്ടെത്താനുള്ള അസാമാന്യമായ കഴിവ് അവനുണ്ട്". സാബ കരീം പറഞ്ഞു.
ഒക്‌ടോബര്‍ -നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ 23ന് ചിരവൈരികളായ പാകിസ്ഥാനെതിരായാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക. പരിക്കേറ്റതിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീതം ബുംറ പുറത്തായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്.
also read: ഉർവശി റൗട്ടേല വക ഒരു ചുടുചുംബനം; റിഷഭ് പന്തിന് ജന്മദിന സമ്മാനം?