സിഡ്‌നി : ഇന്ത്യ vs പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് വമ്പന്‍ ഹൈപ്പാണുള്ളത്. ടി20 ലോകകപ്പിലാണ് രോഹിത് ശര്‍മയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യയും ബാബര്‍ അസമിന്‍റെ നേതൃത്വത്തിലിറങ്ങുന്ന പാകിസ്ഥാനും ഇനി നേര്‍ക്കുനേരെത്തുന്നത്. ഒക്‌ടോബര്‍ 23ന് മെല്‍ബണില്‍ നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റുതീര്‍ന്നിരുന്നു.
പ്രധാന ടൂര്‍ണമെന്‍റുകളിലെല്ലാം ഇന്ത്യയ്‌ക്ക് പാക് ടീമിന് മേല്‍ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്ത് മൂന്ന് തവണ നേര്‍ക്കുനേരെത്തിയപ്പോള്‍ രണ്ട് തവണയും ജയം പിടിക്കാന്‍ പാക് പടയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടെ മെല്‍ബണില്‍ പോര് കടുക്കുമെന്നുറപ്പ്.
ആരാധകര്‍ തമ്മില്‍ വാക്‌പോരുണ്ടെങ്കിലും പാക് താരങ്ങളുമായി തങ്ങള്‍ തികഞ്ഞ സൗഹൃദത്തിലാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയുള്ള ചോദ്യങ്ങളോടും രോഹിത് പ്രതികരിച്ചു.
'പാകിസ്ഥാനെതിരായ മത്സരത്തിന്‍റെ പ്രധാന്യം ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഓരോ മത്സരത്തിന് മുമ്പും ഇതേക്കുറിച്ച് ചോദിച്ച് ഞങ്ങള്‍ക്കുള്ളില്‍ സമ്മര്‍ദമുണ്ടാക്കുന്നതില്‍ അർഥമില്ല. ഞങ്ങള്‍ കാണുമ്പോഴെല്ലാം കുശലാന്വേഷണം നടത്താറുണ്ട്.
Also Read: ടി20 ലോകകപ്പ്: ബുംറയ്‌ക്ക് പകരം മുഹമ്മദ് ഷമി; സ്ഥിരീകരിച്ച് ബിസിസിഐ
അടുത്തിടെ ഏഷ്യ കപ്പിനായി കണ്ടുമുട്ടിയപ്പോള്‍ കുടുംബത്തെക്കുറിച്ച് ഉള്‍പ്പടെയാണ് സംസാരിച്ചത്. കഴിഞ്ഞ തലമുറയിലെ കളിക്കാരും ഇതൊക്കെത്തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. ചിലപ്പോൾ ആരാണ് പുതിയ കാർ വാങ്ങിയത്, ഏത് കാറാണ് വാങ്ങിയത് തുടങ്ങിയവയൊക്കെയാവും പരസ്‌പരം ചോദിക്കുന്നത്' - രോഹിത് പറഞ്ഞു.