ഷാര്‍ജ : ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയ്ക്ക് 164 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെടുത്തത്. സെഞ്ച്വറി പ്രകടനവുമായി തകര്‍ത്തടിച്ച ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ സ്‌കോറില്‍ നിര്‍ണായകമായത്.
67 പന്തില്‍ അറ് വീതം സിക്‌സും ഫോറും പറത്തിയ താരം 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടി20 ക്രിക്കറ്റില്‍ ബട്‌ലറുടെ ആദ്യ രാജ്യാന്തര സെഞ്ച്വറി കൂടിയാണിത്. നായകന്‍ ഇയാന്‍ മോര്‍ഗന്‍ 36 പന്തില്‍ 40 റണ്‍സെടുത്തു.
ജേസണ്‍ റോയി (9), ഡേവിഡ് മലാൻ (6) ജോണി ബെയര്‍സ്റ്റോ(0) മോയിന്‍ അലി (1*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ശ്രീലങ്കയ്‌ക്കായി വാനിന്‍ഡു ഹസരംഗ നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ചമീര ഒരു വിക്കറ്റും നേടി.
അതേസമയം മുന്‍ മത്സരങ്ങളിലെ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇരു സംഘവും ഇന്ന് കളത്തിലിറങ്ങിയത്. തുടര്‍ച്ചയായ നാലാം മത്സരം വിജയിച്ച് ഗ്രൂപ്പ് ഒന്നില്‍ നിന്നും സെമി ഫൈനലിലെത്തുന്ന ആദ്യ ടീമാവാനാണ് ഇംഗ്ലണ്ട് ശ്രമം. എന്നാല്‍ ലങ്കയ്‌ക്കിത് ജീവന്‍ മരണ പോരാട്ടമാണ്.
സൂപ്പര്‍ 12 പോരാട്ടത്തില്‍ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ച ഇംഗ്ലണ്ട് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെയും ബംഗ്ലാദേശിനെയും എട്ട് വിക്കറ്റിന് തകര്‍ത്തിരുന്നു. ഇതോടെ ഇന്നത്തെ വിജയം ടീമിനെ സെമി ഫൈനലിലെത്തിക്കും.
അതേസമയം ഗ്രൂപ്പില്‍ ഒരു വിജയം മാത്രമാണ് ലങ്കയ്‌ക്കുള്ളത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് തുടങ്ങിയ സംഘം പിന്നീട് ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടിരുന്നു. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ശ്രീലങ്കയ്ക്ക് സെമി ഫൈനല്‍ സാധ്യതയുള്ളൂ.