കറാച്ചി: ടി20 ലോകകപ്പില്‍ ഡെത്ത് ഓവറുകളില്‍ പേസർ ഭുവനേശ്വർ കുമാര്‍ ഇന്ത്യയ്‌ക്ക് ഏറ്റവും അനുയോജ്യനായ താരമല്ലെന്ന് പാകിസ്ഥാൻ മുൻ സ്‌പിന്നര്‍ ഡാനിഷ് കനേരിയ. ഭുവനേശ്വർ തന്‍റെ മോശം ഫോമിനോട് പൊരുതുകയാണ്. സ്വിങ് ലഭിക്കാത്ത സാഹചര്യത്തിൽ ഭുവിക്ക് മികവ് പുലര്‍ത്താന്‍ കഴിയില്ലെന്നും കനേരിയ ചൂണ്ടിക്കാട്ടി.
"ഇന്ത്യൻ ടീമിന് ഭുവനേശ്വര്‍ കുമാറിനെ ആശ്രയിക്കാൻ കഴിയില്ല. പിച്ചില്‍ സ്വിങ് ലഭിക്കാത്ത സാഹചര്യങ്ങളിൽ അവൻ പ്രയോജനപ്പെടില്ല. ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് വലിയ സ്വിങ് ലഭിക്കില്ല.
ഹാർഡ് ട്രാക്കുകളിലാവും മത്സരങ്ങള്‍ നടക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോം ലഭിക്കാതെ അവന്‍ വലയുകയാണ്. ഓസ്‌ട്രേലിയയില്‍ ഡെത്ത് ഓവറുകളില്‍ അവന്‍ അനുയോജ്യമാവുമെന്ന് തോന്നുന്നില്ല", കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന് വിശേഷണമുള്ള താരമാണ് ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ അടുത്തിടെ സമാപിച്ച ഏഷ്യ കപ്പിലും ഓസീസിനെതിരായ ടി20 പരമ്പരയിലും താരത്തിന് മികവ് പുലര്‍ത്താനായിട്ടില്ല. ഓസീസിനെതിരായ ആദ്യ ടി20യില്‍ 52 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റുകളൊന്നും ലഭിച്ചിരുന്നില്ല.
ഈ പരമ്പരയ്‌ക്ക് ശേഷം താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതേസമയം പരിക്കേറ്റതിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ ടി20 ലോകകപ്പില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷം താരത്തിന് ആറ് മാസം വരെ വിശ്രമം വേണമെന്നാണ് ഡോക്‌ടര്‍മാരുടെ പ്രാഥമിക നിഗമനമെന്നാണ് റിപ്പോര്‍ട്ട്.