മെല്‍ബണ്‍: അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി വിരാട് കോലി. ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് വിരാട് കോലി നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോലി പുറത്താകാതെ 82 റണ്‍സ് നേടിയിരുന്നു.
ഇതോടെയാണ് അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. കരിയറിലെ 110 രാജ്യാന്തര ടി20 മത്സരങ്ങളില്‍ നിന്നായി 3773 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള രോഹിതിന് നിലവില്‍ 3741 റണ്‍സുണ്ട്.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരിയില്‍ റണ്‍സ് കണ്ടെത്തുന്ന ഏക താരവും വിരാട് കോലിയാണ്. കരിയറില്‍ ഇതുവരെ 34 അര്‍ധശതകവും കോലി നേടിയിട്ടുണ്ട്. ഈ പട്ടികയിലും ഒന്നാമനാണ് കോലി.
137.95 പ്രഹരശേഷിയില്‍ റണ്‍സ് കണ്ടെത്തുന്ന വിരാട് കോലിയുടെ അന്താരാഷ്‌ട്ര ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ 122 റണ്‍സാണ്. കഴിഞ്ഞ ഏഷ്യ കപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു വിരാട് രാജ്യാന്തര ടി20യിലെ ആദ്യ ശതകവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും സ്വന്തമാക്കിയത്.