മെല്‍ബണ്‍: ഇന്ത്യയ്‌ക്കായി ടി20 ലോകകപ്പിലും തന്‍റെ മിന്നും ഫോം തുടരുകയാണ് സൂര്യകുമാര്‍ യാദവ്. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ 25 പന്തില്‍ 61 റണ്‍സടിച്ച താരം പുറത്താവാതെ നിന്നിരുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്‌ട്ര ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരവും ലോക ക്രിക്കറ്റിലെ രണ്ടാമത്തെ ബാറ്ററുമാവാന്‍ സൂര്യയ്‌ക്ക് കഴിഞ്ഞു.
നിലവില്‍ 28 മത്സരങ്ങളില്‍ 1026 റണ്‍സാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത്. 2021ല്‍ 29 മത്സരങ്ങളില്‍ 1326 റണ്‍സടിച്ച പാക് താരം മുഹമ്മദ് റിസ്‌വാനാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ബംഗ്ലാദേശിനെതിരെ മൈതാനത്തിന്‍റെ എല്ലാ വശത്തേക്കും പന്തടിച്ച സൂര്യ 23 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്.
ടി20 ലോകകപ്പിൽ ഒരു ഇന്ത്യക്കാരന്‍റെ വേഗമേറിയ നാലാമത്തെ അര്‍ധ സെഞ്ച്വറി പ്രകടനമാണിത്. മുന്‍ താരം യുവരാജ് സിങ്ങാണ് ഈ പട്ടികയില്‍ തലപ്പത്തുള്ളത്. 2007ല്‍ 12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് യുവരാജ് റെക്കോഡിട്ടത്.
2021ല്‍ 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കെഎല്‍ രാഹുലാണ് രണ്ടാം സ്ഥാനത്ത്. 2007ല്‍ തന്നെ 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ യുവരാജ് സിങ് തന്നെയാണ് പട്ടികയില്‍ മൂന്നാമതുള്ളത്.