മെൽബൺ: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ വമ്പന്‍ അട്ടിമറി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ താരതമ്യേന ദുര്‍ബലരായ നെതർലൻഡ്‌സ് കരുത്തരായ ദക്ഷിണാഫ്രിക്കയെ 13 റണ്‍സിന് തോല്‍പ്പിച്ചു. നെതർലൻഡ്‌സ് ഉയര്‍ത്തിയ 159 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടീസിന്‍റെ മറുപടി 145 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
സ്‌കോര്‍: നെതർലൻഡ്‌സ് -158/4 (20), ദക്ഷിണാഫ്രിക്ക 145 /8 (20). തോല്‍വിയോടെ പ്രോട്ടീസ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യ സെമി ഉറപ്പിച്ചു. നിലവിൽ കളിച്ച നാല് മത്സരങ്ങളില്‍ ആറ് പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ഇന്ത്യ.
തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ തോല്‍വി വഴങ്ങിയാലും ഇന്ത്യയ്‌ക്ക് ഇനി സെമി കളിക്കാം. പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിലെ വിജയിയാവും ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് രണ്ടില്‍ നിന്നും സെമിയിലെത്തുക. നാല് മത്സരങ്ങളില്‍ നിന്നും ഇരുവര്‍ക്കും നാല് പോയിന്‍റ് വീതമാണ് നിലവിലുള്ളത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ നെതർലൻഡ്‌സിനെ കോളിന്‍ അക്കെര്‍മാനിന്‍റെ വെടിക്കെട്ട് പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 19 പന്തില്‍ 35 റണ്‍സെടുത്ത ടോം കൂപ്പറും തിളങ്ങി. സ്റ്റീഫൻ മൈബർഗ് (30 പന്തില്‍ 37), മാക്‌സ് ഒഡൗഡ് (31 പന്തില്‍ 29), ബാസ് ഡി ലീഡ് (7 പന്തില്‍ 1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
സ്കോട് എഡ്‌വേഡ്‌സും ( 7 പന്തില്‍ 12) പുറത്താവാതെ നിന്നു. പ്രോട്ടീസിനായി കേശവ് മഹാരാജ് രണ്ടും ആന്‍റിച്ച് നോര്‍ക്യയും ഏയ്‌ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ പ്രോട്ടീസിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 36 റണ്‍സിന് ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡികോക്ക് ( 13 പന്തില്‍ 13), ടെംബ ബാവുമ (20 പന്തില്‍ 20) എന്നിവര്‍ പുറത്തായി. 19 പന്തില്‍ 25 റണ്‍സെടുത്ത റിലീ റൂസ്സോയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
ഏയ്‌ഡന്‍ മാര്‍ക്രം (13 പന്തില്‍ 17), ഡേവിഡ് മില്ലര്‍ (71 പന്തില്‍ 17), ഹെന്‍റിച്ച് ക്ലാസന്‍(18 പന്തില്‍ 21), വെയ്‌ന്‍ പാര്‍നല്‍ (2 പന്തില്‍ 0), കേശവ് മഹാരാജ് (12 പന്തില്‍ 13) എന്നിവര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. കഗിസോ റബാഡയും ആന്‍റിച്ച് നോര്‍ക്യയും പുറത്താവാതെ നിന്നു. നെതർലൻഡ്‌സിനായി ബ്രാൻഡൻ ഗ്ലോവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.