സിഡ്‌നി: ടി20 ലോകകപ്പിലെ ഫേവറിറ്റുകളെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയയുടെ മുൻ ബാറ്റര്‍ മൈക്കൽ ബെവൻ. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകളെന്ന് മൈക്കൽ ബെവൻ പറഞ്ഞു. ഇതില്‍ ഇന്ത്യയ്‌ക്കും ഇംഗ്ലണ്ടിനുമാണ് കൂടുതല്‍ സാധ്യതയെന്നും താരം വ്യക്തമാക്കി.
"ടി20 ലോകകപ്പിലെ ഫേവറിറ്റുകള്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളാണെന്ന് പറയേണ്ടിവരുമെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സാധ്യത ഇന്ത്യയ്‌ക്കും ഇംഗ്ലണ്ടിനുമാണ്. എന്നാൽ ഓസ്‌ട്രേലിയയ്ക്ക് അതിശയകരമായ കഴിവുകളുള്ള ചില കളിക്കാരുണ്ട്.
അവര്‍ ക്ലിക്കാവുകയാണെങ്കില്‍ തുടർച്ചയായ രണ്ടാം കിരീടം നേടാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിയും", ബെവൻ പറഞ്ഞു. ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യം ഓസ്‌ട്രേലിയയ്‌ക്കുണ്ടെന്നും ബെവന്‍ കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്.
ടൂര്‍ണമെന്‍റിനായി ഈ മാസം ആറിന് ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. 23ന് പാകിസ്ഥാനെതിരെയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ആദ്യ മത്സരം കളിക്കുക. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ട്.
പാകിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് എത്തുന്നത്. പാകിസ്ഥാനില്‍ നടന്ന ഏഴുമത്സര പരമ്പര 4-3നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യയില്‍ പരമ്പര കൈവിട്ട ഓസീസാകട്ടെ ലോകകപ്പിന് മുന്നോടിയായി വിന്‍ഡീസിനെതിരെ രണ്ട് മത്സര പരമ്പര കളിക്കുന്നുണ്ട്.
also read: IND vs SA: 'ടി20 ലോകകപ്പില്‍ സൂര്യയുടെ ഫോം ആശങ്ക'; തഗ്ഗ് മറുപടിയുമായി രോഹിത്