അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമി പോരാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യയും ഇംഗ്ലണ്ടും. ഇരു ടീമുകൾക്കും തങ്ങളുടെ സ്ക്വാഡുകളിൽ ഒരുപിടി മികച്ച കളിക്കാരുണ്ട്. ഇതോടെ ആരാവും ജയിച്ചുകയറുകയെന്നത് പ്രവചിക്കുക പ്രയാസം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിരാട് കോലിയുടേയും സൂര്യകുമാര്‍ യാദവിന്‍റെയും ബാറ്റിങ് മികവ് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്. ഇംഗ്ലണ്ടിന് ഇരുവരും കനത്ത വെല്ലുവിളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മത്സരത്തിന് മുന്നോടിയായി ഇക്കാര്യം തുറന്ന് സമ്മതിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍.
ഇന്ത്യയുടെ മധ്യനിരയുടെ നെടുന്തൂണായ സൂര്യയാണ് ഇതുവരെയുള്ള ടൂർണമെന്‍റിലെ ഏറ്റവും മികച്ച ബാറ്റർ എന്നാണ് ബട്‌ലര്‍ പറയുന്നത്. മികച്ച ഫോമിലുള്ള സൂര്യയുടെ ബാറ്റിങ് അഴകാണെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. മത്സരത്തിന് മുമ്പുള്ള വാർത്ത സമ്മേളനത്തിലാണ് ബട്‌ലറുടെ പ്രതികരണം.
"കളിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ അളവാണ് അവന്‍റെ ഏറ്റവും വലിയ ശക്തിയെന്നാണ് ഞാൻ കരുതുന്നത്. മികച്ച മാനസികാവസ്ഥയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സൂര്യ ഷോട്ടുകള്‍ കളിക്കുന്നത്. എന്നാൽ ലോകത്തിലെ ഏതൊരു ബാറ്റര്‍ക്കെതിരെയും വിക്കറ്റ് നേടാനുള്ള ഒരവസരമുണ്ടാവും.
അതിനുള്ള ഒരു വഴി ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ അവനെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് വെറുതെയാകും. കാരണം അവർക്ക് മറ്റ് ചില മികച്ച കളിക്കാരുണ്ട്". ബട്‌ലര്‍ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ വിജയം നേടാന്‍ തങ്ങള്‍ കഠിന പരിശ്രമം നടത്തുമെന്നും ഇംഗ്ലീഷ് ക്യാപ്റ്റന്‍ വ്യക്തമാക്കി. നാളെ അഡ്‌ലെയ്‌ഡിലാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുക. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയുറപ്പിച്ചത്. ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ഇംഗ്ലണ്ട്.
also read: 'അവന്‍ വിചിത്ര പ്രതിഭ'; സൂര്യയെ ഭയക്കണമെന്ന് ഇംഗ്ലീഷ് താരങ്ങളോട് നാസര്‍ ഹുസൈന്‍