അബുദബി : ടി20ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ നമീബിയക്ക് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സെടുത്തത്.
സെഞ്ച്വറി കൂട്ടുകെട്ടുമായി ബാബര്‍ അസമും മുഹമ്മദ് റിസ്വാനും തിളങ്ങിയതാണ് പാക്കിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
50 പന്തില്‍ നിന്ന് എട്ടുഫോറും നാല് സിക്‌സുമടക്കം 79 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് റിസ്വാനാണ് പാക് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 49 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 70 റണ്‍സെടുത്തു. അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത ഫഖര്‍ സമാനാണ് പുറത്തായ മറ്റൊരു പാക് താരം. മുഹമ്മദ് ഹഫീസ് 16 പന്തില്‍ 32 റണ്‍സടിച്ച് പുറത്താവാതെ നിന്നു.
നമീബിയയ്‌ക്കായി റൂബന്‍ ട്രംപിള്‍മാന്‍ നാലോവറില്‍ 36 റണ്‍സിനും ഡേവിഡ് വീസ് നാലോവറില്‍ 30 റണ്‍സിനും ഓരോ വിക്കറ്റ് വീതം നേടി. നാലോവറില്‍ 50 റണ്‍സ് വഴങ്ങിയ ജെജെ സ്മിത്തിന്‍റെ സ്പെല്‍ ചിലവേറിയതായി.
അതേസമയം മുന്‍ മത്സരങ്ങളിലെ ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങിയത്. മറുവശത്ത് നമീബിയ രണ്ട് മാറ്റങ്ങള്‍ വരുത്തി. പിക്കി യാ ഫ്രാന്‍സിനും ബെര്‍ണാഡ് സ്കോള്‍ട്‌സിനും പകരം സ്റ്റീഫന്‍ ബാര്‍ഡും ബെന്‍ ഷിക്കിംഗോയും ടീമില്‍ ഇടം പിടിച്ചു.