ന്യൂഡല്‍ഹി: ടി20 ലോക കപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ആകാംക്ഷയില്‍ ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ്‍, സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹര്‍ എന്നിവര്‍ ചേതന്‍ ശര്‍മയ്ക്ക് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ടീമില്‍ ഉള്‍പ്പെടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വരും ദിവസങ്ങളില്‍ തന്നെ ടീം പ്രഖ്യാപനമുണ്ടാവുമെന്നിരിക്കെ ലണ്ടനിലുള്ള ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായും സെലക്ഷന്‍ കമ്മിറ്റി ചൊവ്വാഴ്‌ചയോ, ബുധനാഴ്ചയോ ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.
മിക്ക ടീമുകളും 15 അംഗ സ്ക്വാഡുകളെ പ്രഖ്യാപിക്കുമ്പോൾ, ബിസിസിഐ 18-20 അംഗ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഒരു ടീമില്‍ സ്റ്റാഫുകളുള്‍പ്പെടെ 30 പേരെയാണ് ഐസിസി അനുവദിക്കുന്നത്. അധികം വരുന്നവരുടെ ചെലവ് അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തന്നെ വഹിക്കണമെന്നാണ് ഐസിസി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
13 മുതല്‍ 15 പേര്‍ വരെയടങ്ങുന്ന ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ നിന്നും ഭൂരിഭാഗം പേരും നേരത്തെ തന്നെ ടീമില്‍ ഇടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും ചില സ്ഥാനങ്ങളിലേക്ക് മാത്രമാവും ഇനി ചര്‍ച്ചകള്‍ നടക്കുക.
സ്പിന്നര്‍മാരില്‍ വരുണും ചഹാറും?
ടീമിലെ രണ്ട് സ്‌പിന്നര്‍മാരായി യുസ്വേന്ദ്ര ചഹലും രവീന്ദ്ര ജഡേജയുമുണ്ടെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ വരുണ്‍ ചക്രവര്‍ത്തിയേയും ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ മിന്നിയ രാഹുല്‍ ചഹാറിനേയും സെലക്ടര്‍മാക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.
വിക്കറ്റിന് പിന്നിലെ തലവേദന
റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവര്‍ വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരങ്ങളാണ്. ഈ നിരയിലേക്ക് ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങിയ ഇഷന്‍ കിഷനും, ഐപിഎല്ലിന്‍റെ 14ാം സീസണില്‍ ആദ്യ സെഞ്ചുറി നേടിയ സഞ്ജുവുമെത്തുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് കാര്യങ്ങള്‍ തലവേദനയാവും.
ശര്‍ദുലോ, ഹര്‍ദിക്കോ?
ഫിറ്റനസുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഹര്‍ദികിന് നേരത്തെയുള്ള മത്സരങ്ങളില്‍ തന്‍റെ ബൗളിങ് ക്വാട്ട പൂര്‍ത്തിയാക്കാനായിരുന്നില്ല. എന്നാല്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും മിന്നുന്ന പ്രകടനം നടത്തുന്ന ശര്‍ദുല്‍ താക്കൂര്‍ സെലക്ടര്‍മാരെ ചിന്തിപ്പിച്ചേക്കാം. മിഡില്‍ ഓര്‍ഡറില്‍ സൂര്യകുമാർ യാദവിനും പരിക്ക് മാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യർക്കും സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം?
ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ആരെയാവും ഉള്‍പ്പെടുത്തുകയെന്നാണ് സെലക്ടര്‍മാരുടെ തലസ പുകയ്‌ക്കുന്ന മറ്റൊരു കാര്യം. ഐപിഎല്ലിലടക്കം മിന്നുന്ന കെല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നീ താരങ്ങള്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയാവും.
പേസര്‍മാരില്‍ ദീപകും സിറാജും?
ജസ്‌പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി ( ശാരീരിക ക്ഷമത ഉണ്ടെങ്കില്‍) എന്നിവര്‍ നേരത്തെ തന്നെ ടീമില്‍ ഇടം ഉറപ്പിച്ചതാണ്. എന്നാല്‍ ദീപക് ചഹാറും മുഹമ്മദ് സിറാജും വീണ്ടും വെല്ലുവിളിയാവും.
അതേസമയം ഇടംകൈയൻ പേസർമാരായി ചേതൻ സക്കറിയയും ടി നടരാജനുമുണ്ടെങ്കിലും സമീപ കാലത്ത് കൂടുതല്‍ മത്സരങ്ങള്‍ക്കിറങ്ങാത്ത ഇവരെ ടീമിലേക്ക് പരിഗണിക്കില്ലെങ്കിലും നെറ്റ് ബൗളര്‍മാരായി ഉള്‍പ്പെടുത്തിയേക്കാം.
പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ സ്ക്വാഡ്
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹാര്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി.
എക്‌സ്‌ട്രാ ഓപ്പണേഴ്‌സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ.
റിസര്‍വ് വിക്കറ്റ് കീപ്പര്‍: ഇഷന്‍ കിഷന്‍/ സഞ്ജു സാംസണ്‍
എക്‌സ്‌ട്രാ സ്‌പിന്നര്‍: വരുണ്‍ ചക്രവര്‍ത്തി/രാഹുല്‍ ചഹാര്‍
ഇടംകയ്യന്‍ പേസര്‍: ചേതന്‍ സക്കറിയ/ ടി. നടരാജന്‍
കവര്‍ ഫോര്‍ ജഡേജ: അക്‌സര്‍ പട്ടേല്‍/ ക്രുണാല്‍ പാണ്ഡ്യ.