മുംബൈ: നടക്കാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും വലിയ ഉത്തരവാദിത്തമാണുള്ളതെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഐസിസി കഴിഞ്ഞ ദിവസം പുറത്ത് വിട്ട ലോക കപ്പിന്‍റെ മത്സര ക്രമത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ- പാക് പോരാട്ടത്തിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് ഗംഭീറിന്‍റെ പ്രതികരണം.
"പാകിസ്ഥാനെതിരെ എന്‍റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിറങ്ങയപ്പോള്‍, പാകിസ്ഥാനുമായി കൂടുതുല്‍ മത്സരം കളിച്ച മറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ കൂടുതൽ ആവേശഭരിതനും അസ്വസ്ഥനുമായിരുന്നു. അതിനാൽ, ചെറുപ്പക്കാരെ ശാന്തരാക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണ്" ഗംഭീര്‍ പറഞ്ഞു.
"ആത്യന്തികമായി ക്രിക്കറ്റില്‍ വികാരങ്ങള്‍ക്ക് നിങ്ങളെ വിജയിപ്പിക്കാനാവില്ല. അത് ബാറ്റും പന്തും തമ്മിലുള്ള മത്സരമാണ്. അതാണ് നിങ്ങളെ വിജയത്തിലെത്തിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ മുതിര്‍ന്ന താരങ്ങളായ വീരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ കളിക്കാര്‍ക്ക് ഇന്ത്യ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ വലിയ ഉത്തരവാദിത്തമുണ്ട്." ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
also read: കോലിയും ബാബറും നേർക്കു നേർ വരുന്നു, അറിയാം ലോകകപ്പില്‍ പാകിസ്ഥാൻ തോറ്റോടിയ ചരിത്രം..
അതേസമയം ടി20 ലോക കപ്പിന്‍റെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലന്‍റ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ യിലെ റണ്ണറപ്പ്, ഗ്രൂപ്പ് ബി യിലെ വിജയി എന്നിവരും രണ്ടാം ഗ്രൂപ്പിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലോകകപ്പ് ചരിത്രത്തില്‍ ഇരു ടീമുകളും പരസ്‌പരം തമ്മിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.