മുംബൈ: കഴിഞ്ഞ ദിവസം മുഹമ്മദ് അസ്ഹറുദ്ദീൻ അവസാനിപ്പിച്ചിടത്ത് ഇന്ന് റോബിൻ ഉത്തപ്പയും വിഷ്ണു വിനോദും തുടങ്ങിയപ്പോൾ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകർപ്പൻ ജയം. ഗ്രൂപ്പ് ഇയിലെ ആവേശപ്പോരില്‍ ആറ് വിക്കറ്റിന് കേരളം വമ്പൻമാരായ ഡല്‍ഹിയെ തോല്‍പ്പിച്ചു. ഇതോടെ കളിച്ച മൂന്ന് കളികളില്‍ മൂന്നും ജയിച്ച് കേരളം പന്ത്രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായി.
ആദ്യം പോണ്ടിച്ചേരിയേയും രണ്ടാം മത്സരത്തില്‍ മുംബൈയേയും തോല്‍പ്പിച്ച കേരളം ഇന്ന് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഓപ്പണർ ശിഖർ ധവൻ (77), ലളിത് യാദവ് (52) എന്നിവരുടെ അർധ സെഞ്ച്വറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റൺസ് നേടി. കേരളത്തിന് വേണ്ടി ശ്രീശാന്ത് 46 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. 213 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കേരളത്തിന് കഴിഞ്ഞ മത്സരത്തിലെ സൂപ്പർ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. പൂജ്യത്തിനാണ് അസ്ഹറുദ്ദീൻ പുറത്തായത്.
തുടർന്ന് എത്തിയ സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവർ അതിവേഗം പുറത്തായെങ്കിലും റോബിൻ ഉത്തപ്പയും വിഷ്ണു വിനോദും തകർത്തുകളിച്ചു. 54 പന്തുകളിൽ നിന്ന് ഉത്തപ്പ 91 റൺസ് നേടിയാണ് പുറത്തായത്. അതേസമയം, 39 പന്തുകളിൽ 71 റൺസുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. മൂന്ന് പന്തുകൾ മാത്രം നേരിട്ട് പത്ത് റൺസ് നേടിയ സൽമാൻ നിസാറും കേരളത്തിന്റെ ജയം എളുപ്പത്തിലാക്കി. ഇതോടെ ആറ് പന്തുകൾ ശേഷിക്കെ കേരളം സ്വന്തമാക്കിയത് ആറ് വിക്കറ്റിന്റെ മിന്നും ജയം.