ന്യൂഡൽഹി : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി കേരളം. ബിഹാറിന്റെ 132 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം അതിഥി താരം റോബിൻ ഉത്തപ്പയുടേയും ക്യാപ്റ്റൻ സഞ്ജു സാംസന്റെയും മികവിൽ 14.1 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അസ്ഹറുദീനും ഉത്തപ്പയും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിന് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ അസ്ഹറുദീൻ (8) പുറത്തായി. കെജി റോജിത് ഒരു റണ്‍സുമായും, സച്ചിൻ ബേബി ആറ് റൻസോടെയും പുറത്തായി.
34 പന്തിൽ അഞ്ച് ഫോറുകളുടേയും നാല് സിക്സുകളുടേയും അകമ്പടിയോടെ 57 റണ്‍സാണ് റോബിൻ ഉത്തപ്പ അടിച്ചു കൂട്ടിയത്. 20 പന്തിൽ മൂന്ന് ഫോറും നാല് സിക്സും ഉൾപ്പെടെ 45 റണ്‍സ് നേടി സഞ്ജു കേരളത്തിന്റെ വിജയം വേഗത്തിലാക്കി. വിഷ്ണു വിനോദ് ആറ് റണ്‍സോടെ പുറത്താകാതെ നിന്നു.
ALSO READ : ചാമ്പ്യൻ കളമൊഴിയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് ഡ്വെയ്ൻ ബ്രാവോ
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബിഹാർ സകിബൂൽ ഗനിയുടെ (53) ബാറ്റിങ് മികവിലാണ് 131 റണ്‍സ് അടിച്ചു കൂട്ടിയത്. ഓപ്പണർ മംഗൽ മഹ്റോർ 30 റണ്‍സും ബിപിൻ സൗരഭ് 19 റണ്‍സും നേടി ടീമിന് മികച്ച സംഭാവന നൽകി. കേരളത്തിനായി ബേസിൽ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കെഎം ആസിഫ് ഒരു വിക്കറ്റ് വീഴ്ത്തി.
വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ കേരളം നാലു പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. രണ്ടു കളികളും ജയിച്ച മധ്യപ്രദേശ് എട്ടു പോയിന്റുമായി ഒന്നാമതുണ്ട്. ആദ്യ മത്സരത്തിൽ കേരളത്തെ തോൽപ്പിച്ച ഗുജറാത്ത് നാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.