ന്യൂഡൽഹി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ എന്ന വിശേഷണങ്ങള്‍ അരക്കിട്ടുറപ്പിച്ച് തകര്‍ത്താടുകയാണ് സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ വമ്പൻമാരായ രോഹിത് ശർമ്മയും വിരാട് കോലിയുമെല്ലാം കളിമറന്നപ്പോൾ കാര്യവട്ടത്തെ ബോളർമാർക്ക് അനുകൂലമായ പിച്ചിൽ സൂര്യകുമാറിന്‍റെ ക്ലാസിക് ബാറ്റിങ്ങിനാണ് ആരാധകർ സാക്ഷിയായത്. രോഹിത് പൂജ്യത്തിനും കോലി മൂന്ന് റൺസിനും മടങ്ങിയപ്പോൾ നിശബ്‌ദമായ ഗാലറിയിലെ ആരവവും ആവേശവും വീണ്ടെടുത്തത് സൂര്യകുമാറാണ്.
ഈ പ്രകടനത്തിന് പിന്നാലെ രണ്ട് റെക്കോഡുകളുമായാണ് സൂര്യകുമാർ കളംവിട്ടത്. പ്രോട്ടിസിനെതിരായ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 റണ്‍സ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. 2018ല്‍ ശിഖര്‍ ധവാന്‍ നേടിയ 689 റണ്‍സിന്‍റെ റെക്കോര്‍ഡാണ് മറികടന്നത്. ഗ്രീന്‍ഫീല്‍ഡിൽ 50 റൺസ് നേടിയ സൂര്യകുമാർ തന്‍റെ സമ്പാദ്യം 732ല്‍ എത്തിച്ചു. 21 മത്സരങ്ങളില്‍ 40.66 ശരാശരിയിലും 180.29 സ്‌ട്രൈക്ക് റേറ്റിലുമാണ് സൂര്യകുമാറിന്‍റെ റണ്‍വേട്ട.
ടീം ഇന്ത്യ ആറ് ഓവറിൽ രണ്ട് വിക്കറ്റിന് 17 റൺസെന്ന നിലയിൽ ക്രീസിലെത്തിയ സൂര്യ ആദ്യം നേരിട്ട മൂന്ന് പന്തുകളിൽ രണ്ട് സിക്‌സുകൾ നേടിയാണ് വരവറിയിച്ചത്. ഇതോടെയാണ് പതിയെ തുടങ്ങിയ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കിയത്. മത്സരത്തിലെ ആദ്യ സിക്‌സോടെ മറ്റൊരു നേട്ടവും സൂര്യയെ തേടിയെത്തി.
രാജ്യാന്തര ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌വാന്‍റെ റെക്കോഡ് സൂര്യകുമാര്‍ മറികടന്നു. 2021ല്‍ റിസ്‌വാന്‍ നേടിയ 42 സിക്‌സുകളുടെ റെക്കോര്‍ഡാണ് സൂര്യകുമാര്‍ മറികടന്നത്. കഴിഞ്ഞ വര്‍ഷം തന്നെ 41 സിക്‌സുകള്‍ നേടിയ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്.
26 മത്സരങ്ങളിൽ നിന്നാണ് മുഹമ്മദ് റിസ്‌വാന്‍ ഈ നേട്ടത്തിലെത്തിയത് എങ്കിൽ 21 കളികളിൽ നിന്നാണ് സൂര്യകുമാർ ഈ നേട്ടത്തിലെത്തിയത്. ഈ കലണ്ടർ വർഷത്തിൽ മൂന്ന് മാസം ബാക്കിയുള്ളതിനാൽ നിലവിൽ 45 സിക്‌സുകൾ നേടിയിട്ടുള്ള സൂര്യകുമാറിന് നേട്ടം ഉയർത്താനായേക്കും.