ഹൈദരാബാദ് : അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്‌തനായി മാറുകയാണ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാർ യാദവ്. ഈ വര്‍ഷം തികഞ്ഞ സ്ഥിരതയോടെയാണ് സൂര്യകുമാര്‍ ഇന്ത്യയ്‌ക്കായി ബാറ്റ് വീശുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20യില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ താരം ഇന്ത്യയുടെ വിജയ ശില്‍പിയായിരുന്നു.
36 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും സഹിതം 69 റണ്‍സാണ് സൂര്യകുമാർ അടിച്ചുകൂട്ടിയത്. ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോഡും സൂര്യകുമാര്‍ സ്വന്തമാക്കി. നിലവില്‍ 20 മത്സരങ്ങളില്‍ നിന്ന് 37.88 ശരാശരിയില്‍ 682 റണ്‍സാണ് സൂര്യകുമാറിന്‍റെ അക്കൗണ്ടിലുള്ളത്.
ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെയാണ് താരത്തിന്‍റെ പ്രകടനം. 182.84 ആണ് സ്‌ട്രൈക്ക് റേറ്റ്. നേപ്പാളിന്‍റെ ദിപേന്ദ്ര സിങ് ഐറിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 626 റണ്‍സാണ് ഈ വര്‍ഷം ദിപേന്ദ്ര സിങ് നേടിയത്.
ചെക്ക് റിപ്പബ്ലിക്കിന്‍റെ സബാവൂൺ ഡേവിസി (612), പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാൻ (556), വെസ്റ്റ് ഇൻഡീസ് നായകൻ നിക്കോളാസ് പുരാൻ (553) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഐസിസി ടി20 റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സൂര്യകുമാര്‍. മുഹമ്മദ് റിസ്‌വാനാണ് റാങ്കിങ്ങില്‍ തലപ്പത്തുള്ളത്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് രണ്ടാമത്.
also read: IND VS AUS: സച്ചിന്‍ മാത്രം മുന്നില്‍; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കോലിക്ക് പുത്തന്‍ റെക്കോഡ്
അതേസമയം മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സെടുത്തു. ഇതോടെ മൂന്ന് മത്സര പരമ്പര 1-2ന് ഇന്ത്യ സ്വന്തമാക്കി.