റായ്‌പൂര്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ജയം പിടിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും റണ്‍സ് പിന്തുടര്‍ന്നായിരുന്നു ജയിച്ചതെങ്കില്‍ 175 എന്ന സ്കോര്‍ പ്രതിരോധിച്ചാണ് മൂന്നാം ജയം ടീം ഇന്ത്യ സ്വന്തമാക്കിയത് (India vs Australia 4th T20I Match Result). സ്‌പിന്നര്‍മാരുടെ മികവായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയമൊരുക്കിയതും.
മൂന്ന് വിക്കറ്റ് നേടിയ അക്സര്‍ പട്ടേലിന്‍റെ പ്രകടനമാണ് കങ്കാരുപ്പടയെ പൂട്ടിയത്. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അക്സറിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം. ഓസ്‌ട്രേലിയക്കെതിരെ 20 റണ്‍സിന്‍റെ ജയം നേടിയതിന് പിന്നാലെ അക്സറിന്‍റെ ബൗളിങ് മികവിനെ നായകന്‍ സൂര്യകുമാര്‍ യാദവ് പ്രശംസിച്ചിരുന്നു (Suryakumar Yadav Praised Axar Patel). സമ്മര്‍ദഘട്ടങ്ങളില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന ബൗളറാണ് അക്സറെന്ന് സൂര്യകുമാര്‍ അഭിപ്രായപ്പെട്ടു.
'അക്സര്‍ പട്ടേലിനെ സമ്മര്‍ദത്തിലാക്കാനാണ് ഞാന്‍ കൂടുതലും ഇഷ്‌ടപ്പെടുന്നത്. കാരണം, അത്തരം സാഹചര്യങ്ങളില്‍ അക്സര്‍ മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഈ മത്സരത്തിലും അവിശ്വസനീയമായ രീതിയിലാണ് അദ്ദേഹം പന്തെറിഞ്ഞത്'- സൂര്യ പറഞ്ഞു. മത്സരത്തില്‍ മികച്ച സ്കോറില്‍ ടീമിനെ എത്തിച്ചതിനുള്ള മുഴുവന്‍ ക്രെഡിറ്റും റിങ്കു സിങ്ങിനും ജിതേഷ് ശര്‍മയ്‌ക്കും അര്‍ഹതപെട്ടതാണെന്നും സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.
'ടോസ് ഒഴികെ, മറ്റെല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അനുകൂലമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ താരങ്ങളും അവരുടെ മികവ് എന്തെന്ന് കാണിക്കുകയും ജയത്തിനായി പോരാടുകയും ചെയ്‌തു. നിര്‍ഭയത്തോടെ കളിക്കാനാണ് ടീം മീറ്റിങ്ങില്‍ ഞാന്‍ അവര്‍ക്ക് നല്‍കിയ നിര്‍ദേശം.
ബാറ്റിങ്ങിനിടെ ഒരു ഘട്ടത്തില്‍ വളരെ പെട്ടന്ന് ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്‌ടമായി. ആ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അത്തരമൊരു സാഹചര്യത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌ത റിങ്കുവും ജിതേഷും അതിന്‍റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്'- സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് വേണ്ടി റിങ്കു സിങ് 29 പന്തില്‍ 46 റണ്‍സാണ് നേടിയത്. ജിതേഷ് 19 പന്തില്‍ 35 റണ്‍സും അടിച്ചെടുത്തു. യശസ്വി ജയ്‌സ്വാള്‍ (37), റിതുരാജ് ഗെയ്‌ക്‌വാദ് (32) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ്‌ക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സ് നേടാനാണ് സാധിച്ചത്. പുറത്താകാതെ 36 റണ്‍സ് നേടിയ ക്യാപ്‌റ്റന്‍ മാത്യു വെയ്‌ഡാണ് അവരുടെ ടോപ് സ്കോറര്‍. ഇന്ത്യയ്‌ക്ക് വേണ്ടി അക്സറിന് പുറമെ ദീപക് ചഹാര്‍ രണ്ടും രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Read More : റായ്‌പൂരില്‍ 'കങ്കാരുവേട്ട', ഓസീസിനെതിരായ ടി20 പരമ്പര 'തൂക്കി' ഇന്ത്യ; നാലാം മത്സരത്തില്‍ ജയം 20 റണ്‍സിന്