ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്ക് ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് കനത്ത പ്രഹരം. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പരമ്പരയില്‍ നിന്നും പുറത്ത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 (India vs South Africa) പരമ്പരയ്‌ക്കിടെ കാല്‍ക്കുഴയ്ക്കേറ്റ പരിക്കാണ് സൂര്യകുമാര്‍ യാദവിന് തിരിച്ചടിയായത്. (Surya Kumar Yadav ruled out of India vs Afghanistan T20Is Series)
വാണ്ടറേഴ്‌സില്‍ നടന്ന മൂന്നാം ടി20യില്‍ ഫീല്‍ഡിങ്ങിനിടെ 33-കാരന്‍റെ ഇടതു കാല്‍ക്കുഴയ്‌ക്കായിരുന്നു പരിക്കേറ്റത്. അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന് കളിക്കാനാവില്ലെന്ന് ബിസിസിഐയിലെ ഉന്നത വ്യത്തങ്ങള്‍ ഇടിവി ഭാരതിനോട് സ്ഥിരീകരിച്ചു. ടീം മാനേജ്‌മെന്‍റ് താരത്തിന്‍റെ പരിക്ക് വിലയിരുത്തിയതായും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയി തേടിയ സൂര്യകുമാര്‍ വീട്ടിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കളിക്കളത്തിലേക്ക് തിരികെ എത്താന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യയ്‌ക്ക് 5-6 ആഴ്ച വരെ വിശ്രമം വേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ സൂര്യയ്‌ക്ക് കീഴിലായിരുന്നു ഇന്ത്യ കളിച്ചത്. മൂന്ന് മത്സര പരമ്പരയിലെ 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു. ആദ്യ മത്സരം മഴ നിയമ പ്രകാരം ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോള്‍ രണ്ടാം ടി20 ഒരു പന്ത് പോലും എറിയാന്‍ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നു.
അവസാന ടി20യില്‍ 106 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. സെഞ്ചുറിയുമായി സൂര്യ ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിയ്‌ക്കുകയും ചെയ്‌തു. 56 പന്തുകളില്‍ 100 റണ്‍സായിരുന്നു താരം നേടിയത്. ഏഴ് ബൗണ്ടറികളും എട്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. സെന്‍റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന ഒന്നാം ടി20യില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങാനും സ്‌കൈക്ക് കഴിഞ്ഞിരുന്നു.
ഇതോടെ പരമ്പരയുടെ താരമായും സൂര്യകുമാര്‍ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം ജനുവരിയില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ-അഫ്‌ഗാനിസ്ഥാനെതിരെ കളിയ്‌ക്കുന്നത്. 11-ന് മൊഹാലിയിലാണ് ആദ്യ ടി20. 14-ന് ഇന്‍ഡോറില്‍ രണ്ടാമത്തേയും 17-ന് ചെന്നൈയില്‍ അവസാനത്തേയും ടി20 നടക്കും. (India vs Afghanistan T20Is Series Schedule).
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ അന്താരാഷ്‌ട്ര പരമ്പരയാണിത്. ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടൂര്‍ണമെന്‍റ് അരങ്ങേറുന്നത്. ഐസിസി കിരീട വരളര്‍ച്ച് അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ള മറ്റൊരു സുവര്‍ണാവസരമാണിത്.
സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പ് ചുണ്ടകലത്തിലാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഇതോടെയാണ് 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും നീണ്ടത്.
ALSO READ: 'കാണിനെടാ, സഞ്‌ജുവിലെ 'എക്‌സ് ഫാക്‌ടര്‍' ; കന്നി സെഞ്ചുറിക്ക് കയ്യടിച്ച് മുഹമ്മദ് കൈഫ്