മാലി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയ്ക്ക് മാലിദ്വീപ് സര്‍ക്കാരിന്‍റെ ആദരം. ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സ്‌പോര്‍ട്‌സ് ഐക്കണ്‍-2022 പുരസ്‌കാരം നല്‍കിയാണ് ആദരിച്ചത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ, റയല്‍മാഡ്രിഡ് ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ്, ജമൈക്കന്‍ സ്പ്രിന്റര്‍ അസഫ പവല്‍, മുന്‍ ഡച്ച് ഫുട്‌ബോളര്‍ എഡ്ഗാര്‍ഡ് ഡേവിഡ്‌സ് എന്നിവരുള്‍പ്പടെ 16 അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പമാണ് റെയ്‌ന നോമിനേറ്റ് ചെയ്യപ്പെട്ടത്.
പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ ബംഗ്ലാദേശ് കായികമന്ത്രി മുഹമ്മദ് സാഹിര്‍ ഹസന്‍ റസ്സല്‍, സൗദി അറേബ്യ കായിക സഹമന്ത്രി അല്‍-ഖാദി ബദര്‍ അബ്ദുള്‍ റഹ്‌മാന്‍, മാലിദ്വീപ് ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം നാല് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കാനും താരത്തിനായി.
ഇന്ത്യയ്‌ക്കായി 18 ടെസ്റ്റുകളില്‍ നിന്നും 768 റണ്‍സും, 226 ഏകദിനങ്ങളില്‍ നിന്നായി 5615 റണ്‍സും, 78 ടി20 മത്സരങ്ങളില്‍ നിന്നായി 1605 റണ്‍സും താരം നേടിയിട്ടുണ്ട്. ടി20 കരിയറില്‍ 6000 റണ്‍സ്, പിന്നീട് 8000 റണ്‍സ് എന്നിവ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് 35കാരനായ റെയ്‌ന.
also read: ഓൾ ഇംഗ്ലണ്ട് ഓപ്പൺ : നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് ലക്ഷ്യ സെൻ ഫൈനലില്‍
കൂടാതെ ഐപിഎല്ലില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ താരമെന്ന റെക്കോഡും, ചാമ്പ്യന്‍സ് ലീഗ് ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികളെന്ന റെക്കോഡും റെയ്‌നയുടെ പേരിലാണ്.