ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, തമിഴ് സിനിമ സംവിധായകന്‍ എസ്.ശങ്കര്‍ എന്നിവര്‍ക്ക് ഓണററി ഡോക്‌ടറേറ്റ് ലഭിച്ചു. ചെന്നൈ ആസ്ഥാനമായുള്ള വെല്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയുടെ പന്ത്രണ്ടാമത് കോണ്‍വൊക്കേഷനിലാണ് ഇരുവരും ഡോക്‌ടറേറ്റ് ഏറ്റുവാങ്ങിയത്. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് ഓഗസ്‌റ്റ് അഞ്ചിനാണ് നടന്നത്. കോണ്‍വൊക്കേഷനില്‍ ഓരോ വര്‍ഷവും ശാസ്‌ത്രം, സിനിമ, കായികം, വ്യവസായം എന്നീ മേഖലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കാണ് വെല്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഡോക്‌ടറേറ്റ് നല്‍കി ആദരിക്കുന്നത്.
ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ച റെയ്‌ന ചെന്നൈയിലേക്ക് വരുന്നതില്‍ താന്‍ എപ്പോഴും സന്തോഷവാനാണെന്നും കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയുടെ അംഗീകാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ തന്‍റെ മറ്റൊരു വീടാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇത് സിനിമാരംഗത്തേക്ക് പുതിയ കലകളും സാങ്കേതികവിദ്യയും കൊണ്ടുവരാനുള്ള പ്രചോദനമാണെന്നായിരുന്നു തമിഴ് സംവിധായകന്‍ എസ്. ശങ്കറിന്‍റെ പ്രതികരണം.
ഇവര്‍ക്ക് പുറമെ, ബാബ ആറ്റോമിക് റിസർച്ച് സെന്‍റർ ഡയറക്‌ടർ പ്രൊഫസർ അജിത്‌കുമാർ മൊഹന്തി, റാഡിസൺ ബ്ലൂ ഗ്രൂപ്പ് ചെയർമാൻ വിക്രം അഗർവാൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ ഒരു നൂറ്റാണ്ട് ആഘോഷിക്കുന്ന 2047-ല്‍ ഇന്ത്യ ആയിരിക്കും ലോകത്തെ നയിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ തമിഴ്‌നാട് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍വലകലാശാലയില്‍ നിന്ന് ഈ അധ്യായന വര്‍ഷം 4,829 വിദ്യാര്‍ഥികളില്‍ 68 പേര്‍ സ്വർണ്ണ മെഡലുകളും, 48 പേര്‍ വെള്ളി മെഡലുകളും, 43 വെങ്കല മെഡലുകളും, 4,011 ബാച്ചിലേഴ്‌സ് ബിരുദങ്ങളും, 583 ബിരുദാനന്തര ബിരുദങ്ങളും, 148 ഡോക്‌ടറൽ മെഡലുകളും നേടി.