ലണ്ടന്‍: ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിലെ ഓവലില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ നിര്‍ദേശിച്ച് മുന്‍താരം സുനില്‍ ഗവാസ്‌കര്‍. ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള കരുത്ത് ഇന്ത്യന്‍ നിരയ്‌ക്കുണ്ട്. എന്നാല്‍ തനിക്ക് ടീമിന്‍റെ ആറാം നമ്പറിനെ കുറിച്ച് മാത്രമാണ് നിലവില്‍ ചെറിയ ആശങ്കകള്‍ ഉള്ളതെന്നും സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
മൂന്ന് പേസര്‍മാര്‍ക്കൊപ്പം രണ്ട് സ്‌പിന്നര്‍മാരെയും ഓവലില്‍ ഇന്ത്യ കളിപ്പിക്കണം എന്നാണ് സുനില്‍ ഗവാസ്‌കറുടെ നിര്‍ദേശം. തെളിഞ്ഞ കാലാവസ്ഥയില്‍ മാത്രമായിരിക്കും ഈ കോമ്പിനേഷന്‍ പ്രയോജനപ്പെടുക. അല്ലാത്തപക്ഷം സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ടീമിലും മാറ്റം വരുത്തണം എന്നും അദ്ദേഹം പറഞ്ഞു.
'ആദ്യം ഞാന്‍ ബാറ്റിങ്ങിനെ കുറിച്ചാണ് സംസാരിക്കുന്നത്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ വേണം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയും നാലാം നമ്പറില്‍ വിരാട് കോലിയും ഇവര്‍ക്ക് പിന്നാലെ അജിങ്ക്യ രഹാനെയും വേണം ക്രീസിലെത്താന്‍.
ഇന്ത്യന്‍ ടീമിന്‍റെ ആറാം നമ്പറിനെ കുറിച്ചാണ് ആശങ്കയുള്ളത്. കെഎസ് ഭരതും ഇഷാന്‍ കിഷനുമാണ് ഇപ്പോള്‍ ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. ഇവരില്‍ ഒരാള്‍ തന്നെയാകും ഉറപ്പായും ടീമിലേക്കെത്തുക.
ടെസ്റ്റ് ടീമിനൊപ്പം കഴിഞ്ഞ കുറച്ചുകാലങ്ങളിലായി കെഎസ് ഭരത് ഉള്ളതുകൊണ്ട് അവനെ കളിപ്പിക്കണമെന്നാണ് പലരുടെയും അഭിപ്രായം. ഞാനും ഇതേ അഭിപ്രായക്കാരനാണ്. ഭരത് തന്നെയായിരിക്കും ആറാം നമ്പറില്‍ ഇന്ത്യക്കായി കളത്തിലിറങ്ങുക'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് വരുമ്പോള്‍ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നാണ് സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ടീമിലേക്കെത്തെണമെന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ഗവാസ്‌കര്‍ നിര്‍ദേശിച്ച ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ആത്മവിശ്വാസത്തോടെ രോഹിത് ശര്‍മ്മ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റണ്‍സ് ഒഴുകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സാഹചര്യങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു രോഹിത്. ഇംഗ്ലണ്ടില്‍ ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ചുകളില്‍ ഒന്നാണ് ഓവലിലേത്.
ഇവിടുത്തെ സാഹചര്യം അറിയുന്നത് കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യമാണ്. പിച്ചില്‍ നിന്നും ബാറ്റര്‍മാരുടെ ഓരോ ഷോട്ടിനും അതിന്‍റേതായ മൂല്യം ലഭിക്കുമെന്നും രോഹിത് അഭിപ്രായപ്പെട്ടു. ഫൈനല്‍ പോരാട്ടത്തിന് മുന്‍പ് സ്റ്റാര്‍സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യന്‍ നായകന്‍റെ പ്രതികരണം. നിലവില്‍, മറ്റന്നാള്‍ ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍.