രാജ്‌കോട്ട്: പ്രോട്ടീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് ദിനേഷ് കാര്‍ത്തിക്. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് താരത്തിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ്. 27 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 55 റണ്‍സാണ് താരം നേടിയത്.
ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറി 16 വര്‍ഷത്തിനുശേഷമാണ് കാര്‍ത്തിക് ടി20യില്‍ അര്‍ധ സെഞ്ചുറി നേടുന്നത്. ഇപ്പോഴിതാ ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക് വേണമെന്നാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.
മെല്‍ബണിലേക്കുള്ള വിമാനത്തില്‍ കാര്‍ത്തിക് ഇല്ലെങ്കില്‍ വലിയ അത്ഭുതമായിരിക്കുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞു. "അവന്‍റെ പ്രായം നോക്കണ്ട, അവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. മെൽബണിലേക്കുള്ള ആ വിമാനത്തിൽ ഡികെ ഇല്ലെങ്കിൽ, അത് വലിയ അത്ഭുതമായിരിക്കും." ഗവാസ്‌കര്‍ പറഞ്ഞു. ഒരോ പന്തിലും റണ്‍സ് നേടേണ്ട സാഹചര്യത്തിലാണ് കാര്‍ത്തിക് ക്രീസിലെത്തിയതെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
അതേസമയം അര്‍ധ സെഞ്ചുറി പ്രകടനത്തോടെ പുതിയൊരു റെക്കോഡ് സ്വന്തം പേരിലാക്കാനും കാര്‍ത്തികിന് കഴിഞ്ഞു. ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന പ്രായം കൂടിയ ബാറ്ററെന്ന റെക്കോഡാണ് 37കാരനായ കാര്‍ത്തിക് സ്വന്തമാക്കിയത്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് താരം തകര്‍ത്തത്. ഇന്ത്യക്കായി 98 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ പേരില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണുള്ളത്.
2018ല്‍ അവസാന അര്‍ധസെഞ്ചുറി നേടുമ്പോള്‍ 36 വയസും 229 ദിവസവുമായിരുന്നു ധോണിയുടെ പ്രായം. രാജ്‌കോട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിളങ്ങുമ്പോള്‍ 37 വയസും 16 ദിവസവുമാണ് കാര്‍ത്തിക്കിന്‍റെ പ്രായം. 35 വയസും ഒരു ദിവസവും പ്രായമുള്ളപ്പോല്‍ അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പട്ടികയില്‍ മൂന്നാമത്.
also read: അയര്‍ലന്‍ഡിനെതിരെ നാലാം നമ്പറില്‍ ഹൂഡ: സഞ്‌ജുവും ത്രിപാഠിയും കാത്തിരിക്കണമെന്ന് ആകാശ് ചോപ്ര
മത്സരത്തില്‍ 82 റണ്‍സിന്‍റെ ഉജ്വല വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന് 87 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാനാണ് പ്രോട്ടീസിനെ തകര്‍ത്തത്. 20 റണ്‍സ് നേടിയ വാന്‍ ഡെര്‍ ഡുസാനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. എട്ട് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല.