ദുബായ് : ന്യൂസിലാൻഡിനെതിരായ തോൽവിക്ക് പിന്നാലെ, മാസങ്ങളായുള്ള ബയോബബിള്‍ ജീവിതമാണ് ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തെ ബാധിച്ചതെന്ന പേസർ ജസ്‌പ്രീത് ബുംറയുടെ അഭിപ്രായത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ബയോ ബബിൾ ജീവിതം മത്സരത്തെ ബാധിച്ചെന്നത് വെറും ന്യായീകരണം മാത്രമാണെന്നായിരുന്നു ഗവാസ്കറുടെ പ്രതികരണം.
'ബയോബബിൾ സുരക്ഷയിൽ കഴിയുന്നതിനാലാണ് പ്രകടനം മോശമായത് എന്ന ന്യായീകരണം ശരിയല്ല. നിങ്ങൾ ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്. നിങ്ങൾക്ക് വേണ്ടതെല്ലാം ലഭിക്കുന്നുണ്ട്. അതിനാൽ കളത്തിലിറങ്ങുമ്പോൾ ഏറ്റവും മികച്ചത് നൽകുക. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്' ഗവാസ്കർ പറഞ്ഞു.
'ഒരു ടീമിനും എല്ലാ മത്സരങ്ങളും വിജയിക്കാൻ സാധിക്കില്ല. പല മികച്ച ടീമുകളും തോറ്റിട്ടുണ്ട്. എന്നാൽ ഇന്ത്യ ഒരു ചാമ്പ്യൻ ടീം ആണെന്ന് ഓർമിക്കണം. ഇത്തവണ ഇന്ത്യ കപ്പടിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ സെമിയിൽ പോലും കടക്കാനാവുന്നില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്'- ഗവാസ്കർ പറഞ്ഞു.
ALSO READ : ടി20 ലോകകപ്പ് : ഇന്ത്യക്ക് ഇന്ന് ജീവൻ മരണ പോരാട്ടം, തോറ്റാൽ സെമി കാണാതെ പുറത്ത്
'ന്യൂസിലാൻഡിനെതിരായ നിർണായക മത്സരം അനാവശ്യ പരീക്ഷണം നടത്തി ഇന്ത്യ നഷ്ടപ്പെടുത്തി. രോഹിത്തിനെ മൂന്നാമനാക്കിയതും കോലിയെ നാലാമനാക്കിയതും മണ്ടൻ തീരുമാനങ്ങളായിപ്പോയി. രോഹിത്തിനെ ഓപ്പണറാക്കുക. നിലയുറപ്പിച്ചാൽ 20 ഓവറും ബാറ്റ് ചെയ്യാൻ കഴിയുന്ന താരങ്ങളിലൊരാളാണ് രോഹിത്'- ഗവാസ്കർ കൂട്ടിച്ചേർത്തു.