മുംബൈ : ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ പിന്നോട്ടുപോയതിന് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. നിര്‍ണായകമായ മത്സരങ്ങളില്‍ സഞ്‌ജു ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
മത്സരത്തില്‍ മൂന്നാം നമ്പറില്‍ ആര്‍ അശ്വിനേയും, നാലാം നമ്പറില്‍ ദേവ്‌ദത്ത് പടിക്കലിനേയും ഇറക്കി അഞ്ചാം നമ്പറിലായിരുന്നു സഞ്‌ജു ക്രീസിലെത്തിയത്. എന്നാല്‍ നാല് പന്തില്‍ ആറ് റണ്‍സെടുത്ത താരം ആൻറിച് നോര്‍ക്യയുടെ ലെങ്‌ത് ഡെലിവറിയില്‍ ശാര്‍ദുല്‍ താക്കൂറിന് പിടികൊടുത്ത് തിരിച്ച് കയറിയിരുന്നു.
നിര്‍ണായകമായ മത്സരങ്ങളില്‍ സഞ്‌ജു മൂന്നാമതോ, നാലാമതോ ഇറങ്ങണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അല്ലെങ്കില്‍ ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"നിങ്ങളുടെ നമ്പര്‍ നാലാണെങ്കില്‍, നിങ്ങൾ നാലാം നമ്പറിലോ, മൂന്നാം നമ്പറിലോ ബാറ്റ് ചെയ്യാൻ വരൂ. ഉത്തരവാദിത്തം ഏറ്റെടുക്കുക... ഇത്രയും വലിയ മത്സരം, ഇത്രയും നിർണായക മത്സരം.. ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.
അവർ ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിനാൽ, തുടക്കത്തില്‍ തന്നെ അവന് വലിയ ഷോട്ടുകള്‍ കളിക്കേണ്ടി വന്നു. ആ ശ്രമത്തിൽ, അവൻ അറ് റണ്‍സിന് പുറത്താവേണ്ടിയും വന്നു " - മത്സരത്തിന്‍റെ കമന്‍ററിക്കിടെ ഗവാസ്‌കര്‍ പറഞ്ഞു.
മത്സരത്തില്‍ എട്ട് വിക്കറ്റിന് ഡല്‍ഹി രാജസ്ഥാനെ മറികടന്നിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 160 റണ്‍സാണെടുത്തത്. മൂന്നാം നമ്പറിലെത്തിയ അശ്വിനും(38 പന്തില്‍ 50), നാലാം നമ്പറിലെത്തിയ ദേവ്‌ദത്ത് പടിക്കലുമാണ് (30 പന്തില്‍ 48) രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
also read: ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷയ്‌ക്ക് തിരിച്ചടി; ജഡേജയെ ഈ സീസണില്‍ ഇനി കണ്ടേക്കില്ല!
എന്നാല്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 18.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 161 റണ്‍സെടുത്ത് ലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ മിച്ചൽ മാർഷും ഡേവിഡ് വാർണറുമാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്. 62 പന്തില്‍ 89 റൺസെടുത്ത് മാർഷ് പുറത്തായി. 41 പന്തില്‍ 52 റൺസെടുത്ത വാർണർ പുറത്താകാതെ നിന്നു.