കട്ടക്ക്: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതോടെയാണ് ദക്ഷിണാഫ്രിക്ക വീണ്ടും ജയം പിടിച്ചത്. കട്ടക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ മറുപടി ബാറ്റിങിനിറങ്ങിയ പ്രോട്ടീസിനെതിരെ ഭുവനേശ്വര്‍ കുമാര്‍ മിന്നുന്ന തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ഇത് മുതലാക്കാന്‍ ടീമിന് കഴിഞ്ഞില്ല.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും രണ്ടാം ഇന്നിങ്‌സില്‍ ആദ്യ പത്തോവറുകളില്‍ ഇന്ത്യ മേല്‍ക്കൈ നേടിയിരുന്നെങ്കിലും തോല്‍വി വഴങ്ങുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തിയിരിക്കുകയാണ് മുൻ താരം സുനിൽ ഗവാസ്‌കർ. ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് വീഴ്‌ത്തുന്ന ബൗളര്‍മാരുടെ അഭാവമാണ് ടീമിന് തിരിച്ചടിയാവുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയപ്പോള്‍, ഹര്‍ഷല്‍ പട്ടേലും, ആവേശ് ഖാനും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയിരുന്നു. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല.
'ഭുവനേശ്വർ കുമാറിനും യുസ്‌വേന്ദ്ര ചഹലിനും പുറമെ അവർക്ക് ഈ ടീമിൽ വിക്കറ്റ് വീഴ്‌ത്തുന്ന ബൗളർമാർ ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം. നിങ്ങള്‍ക്ക് വിക്കറ്റുകള്‍ നേടാനായാല്‍ എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കാനാവും.
രണ്ട് മത്സരങ്ങളിലും ഭുവനേശ്വർ കുമാറിന് പുറമെ ആർക്കെങ്കിലും വിക്കറ്റ് കിട്ടുന്നത് പോലെ തോന്നിയോ?. 211 റൺസ് എന്ന വലിയ സ്‌കോര്‍ പോലും അവർക്ക് പ്രതിരോധിക്കാൻ കഴിയാത്തതിന്‍റെ പ്രധാന കാരണമിതാണ്', മത്സരത്തിന് ശേഷം സുനിൽ ഗവാസ്‌കർ പറഞ്ഞു.
പരമ്പരയില്‍ ഇനി മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഉമ്രാന്‍ മാലികിന് അവസരം നല്‍കണമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കട്ടക്കില്‍ ഇന്ത്യയുടെ 149 റൺസിന്‍റെ വിജയലക്ഷ്യം 10 പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് പ്രോട്ടീസ് മറികടന്നത്. 46 പന്തുകളില്‍ നിന്ന് 81 റണ്‍സുമായി തകര്‍ത്തടിച്ച ഹെന്‍റിക് ക്ലാസന്‍റെ പ്രകടനമാണ് ടീമിന് തുണയായത്.
also read: ക്ലാസിക് ക്ലാസൻ..! അനായാസം ദക്ഷിണാഫ്രിക്ക; രണ്ടാം ട്വന്‍റി-20 മത്സരത്തിലും ഇന്ത്യക്ക് തോൽവി
ആദ്യ ആറോവറിനുള്ളില്‍ തന്നെ മൂന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ തിരിച്ചയച്ച് ഭുവി പ്രതീക്ഷ നല്‍കിയങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ചഹല്‍ നാല് ഓവറില്‍ 49 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. ഹര്‍ഷലും ഒരു വിക്കറ്റ് സ്വന്തമാക്കി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തു.