മുംബൈ: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്‌ക്കായി ശിവം ദുബെ നടത്തുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും അപരാജിത അര്‍ധ സെഞ്ചുറി നേടിയ 30-കാരന്‍ പന്തുകൊണ്ടും തിളങ്ങിയിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ താരത്തിന്‍റെ പ്രകടനത്തെ അകമഴിഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. (Sunil Gavaskar on Shivam Dube performance in India vs Afghanistan T20I)
അഫ്‌ഗാനെതിരായ പ്രകടനത്തിലൂടെ 2024-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് സെലക്‌ടര്‍മാര്‍ക്ക് ഏറെ പ്രയാസമാക്കിയിരിക്കുകയാണ് ദുബെ ചെയ്‌തിരിക്കുന്നത് എന്നാണ് സുനിൽ ഗവാസ്‌കർ പറയുന്നത്. ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് പരിഗണിക്കാതെ തന്നെ ടി20 ലോകകപ്പിനുള്ള ടീമിന്‍റെ ഭാഗമാണ് താനെന്ന് ഉറപ്പിക്കുകയാണ് ദുബെയെന്നും ഗവസാസ്‌കര്‍ പറഞ്ഞു.
"നമ്മള്‍ ശിവം ദുബെയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഹാര്‍ദിക് അണ്‍ ഫിറ്റാണെങ്കിലും, ഇനി ഫിറ്റാണെങ്കിലോ ടി20 ലോകകപ്പിനായി ഇന്ത്യന്‍ താരങ്ങള്‍ പറക്കുന്ന വിമാനത്തില്‍ തന്‍റെ സീറ്റ് ഉറപ്പിക്കുകയാണ് അവന്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. ഒരാള്‍ ഇത്തരം പ്രകടനങ്ങൾ നടത്തിയാൽ, അയാളെ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കുക എന്നത് വളരെ പ്രയാസമാണ്.
സെലക്‌ടർമാർ അവനെ പുറത്തിരുത്താന്‍ തീരുമാനിച്ചാൽ അത് വളരെ കഠിനമായ തീരുമാനം തന്നെയായിരിക്കും. എന്നാല്‍ തന്നാൽ കഴിയുന്നതെല്ലാം അവന്‍ ചെയ്യുന്നുണ്ട്. തീര്‍ച്ചയായും ഇതു സെലക്‌ടർമാർക്ക് തലവേദന സൃഷ്‌ടിക്കുന്നതാണ്" - ഗവാസ്‌കർ പറഞ്ഞു.
അഫ്‌ഗാനിസ്ഥാനെതിരെ മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ 40 പന്തുകളില്‍ നിന്നും അഞ്ച് ഫോറുകളും രണ്ട് സിക്‌സറും സഹിതം പുറത്താവാതെ 60 റണ്‍സായിരുന്നു ദുബെ അടിച്ച് കൂട്ടിയത്. രണ്ട് ഓവറുകളില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും താരം വീഴ്‌ത്തി. ഇന്‍ഡോറില്‍ പന്തെറിഞ്ഞപ്പോള്‍ അല്‍പം റണ്‍സ് വഴങ്ങിയെങ്കിലും ബാറ്റിങ്ങില്‍ അതിന്‍റെ ക്ഷീണം ദുബെ തീര്‍ത്തിരുന്നു.
32 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളും നാല് സിക്‌സറുകളുമായി പുറത്താവാതെ 63 റണ്‍സായിരുന്നു 30-കാരന്‍ അടിച്ചത്. നാളെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20യിലും ശിവം ദുബെയുടെ പ്രകടനത്തില്‍ ഇന്ത്യയ്‌ക്കും ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഫോര്‍മാറ്റില്‍ കളിക്കുന്ന അവസാന അന്താരാഷ്‌ട്ര പരമ്പരയാണിത്.
ALSO READ: 'റണ്ണൗട്ടായത് അയാളുടെ തെറ്റല്ല, പക്ഷെ...'; രോഹിത്തിനെതിരെ വമ്പന്‍ വിമര്‍ശനവുമായി മുന്‍ താരം
പിന്നീട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് താരങ്ങളെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും തിളങ്ങിയാല്‍ ദുബെയെ പുറത്തിരുത്തുകയെന്നത് സെലക്‌ടര്‍മാക്ക് തീര്‍ത്തും തലവേദനയായി മാറും. കാരണം ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലിലൂടെ തിരികെ എത്തുമെന്നാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഹാര്‍ദിക്കിനെപ്പോലെ പേസ് ഓള്‍റൗണ്ടറായാണ് ദുബെയെ നിലവില്‍ ടീമില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ ഏറെക്കാലമായി തേടിക്കൊണ്ടിരിക്കുന്ന പേസ് ഓള്‍റൗണ്ടര്‍ ശിവം ദുബെ ആവാമെന്ന് നേരത്തെ ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു.