മുംബൈ : ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോഡുണ്ടായിട്ടും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണെ ( Sanju Samson) ഏഷ്യ കപ്പ് ടീമില്‍ (Asia Cup 2023 India Squad) നിന്നും തഴഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. പ്രധാന ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്‌ജുവിന് കെഎല്‍ രാഹുലിന് (KL Rahul) ചെറിയ പരിക്കുള്ളതിനാല്‍ മാത്രം ബാക്കപ്പ് റോളാണ് ലഭിച്ചത്. ഏകദിനത്തില്‍ മോശം പ്രകടനം നടത്തുന്ന സൂര്യകുമാര്‍ യാദവിനെ പ്രധാന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്‌ജുവിനെ അവഗണിച്ചത് ആരാധകരെ ഏറെ നിരാശരാക്കുകയും ചെയ്‌തു.
എന്നാല്‍ ഇപ്പോഴിതാ സഞ്‌ജുവിന് ഇന്ത്യയുടെ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ കഴിയാതിരുന്നതിന്‍റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar On Sanju Samson omission Asia Cup 2023 India Squad). വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കൂടുതല്‍ റണ്‍സടിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും സഞ്‌ജു സാംസണ്‍ ഇന്ത്യയുടെ ഏഷ്യ കപ്പ് ടീമില്‍ ഉണ്ടാവുമായിരുന്നു എന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
"വിന്‍ഡീസിനെതിരെ സ്ഥിരതയോടെ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും സഞ്‌ജു ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമായിരുന്നു. വെറും 29 വയസ് മാത്രമാണ് സഞ്‌ജുവിന്‍റെ പ്രായം. അതിനാല്‍ തന്നെ നടക്കാനിരിക്കുന്നത് അവന്‍റെ അവസാന ലോകകപ്പ് ആണെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ അവന് മുന്നില്‍ ഇനിയും ധാരാളം സമയം അവശേഷിക്കുന്നുണ്ട്"- സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar) പറഞ്ഞു.
ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട യുസ്‌വേന്ദ്ര ചാഹലിന്‍റെ കാര്യവും സമാനമാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു (Sunil Gavaskar On Yuzvendra Chahal) . "ചില സമയങ്ങളില്‍ ടീം ബാലന്‍സിങ് നിലനിര്‍ത്തേണ്ടി വരും. കൂടാതെ ബാറ്റ് ചെയ്യുന്നതിലേയും ഫീല്‍ഡിങ്ങിലേയും കഴിവുകള്‍ കൂടി പരിഗണിക്കേണ്ടിയും വരും.
ടീമിലേക്ക് ചാഹലിന് പകരം കുല്‍ദീപിന്‍റെ തെരഞ്ഞെടുപ്പ്, തീര്‍ച്ചയായും അവന്‍ മികച്ച പ്രകടനം നടത്തിയതുകൊണ്ട് തന്നെയാണ്. തെരഞ്ഞെടുക്കപ്പെട്ട ഈ ടീം മികച്ചതാണ്. അതിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്"- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യ കപ്പ് ഇന്ത്യ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, തിലക് വർമ, ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാര്‍ദുൽ താക്കൂർ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ (ബാക്കപ്പ്).