മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്‌ടമായതിന്‍റെ വേദനയിലാണ് ഇന്ത്യന്‍ ടീം. ആദ്യ മത്സരത്തില്‍ ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാന്‍ ശ്രമിക്കവെ ഒരു വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ അഞ്ച് റണ്‍സിനുമായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. പരിക്കേറ്റിട്ടും രണ്ടാം മത്സരത്തില്‍ അതിനെ വകവയ്‌ക്കാതെയുള്ള തകര്‍പ്പന്‍ പ്രകടനം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ പുറത്തെടുത്തിരുന്നു.
ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ രോഹിത് എട്ട് വിക്കറ്റ് നഷ്‌ടമായതിന് പിന്നാലെയാണ് ഇന്ത്യക്കായി ക്രീസിലെത്തി വെടിക്കെട്ട് പ്രകടനം കാഴ്‌ചവച്ചത്. ഹിറ്റ്മാന്‍റെ വീരോചിതമായ ഇന്നിങ്‌സിനെ പ്രശംസിച്ച് പലരും ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. പ്രശംസ ലഭിക്കുമ്പോഴും ഇന്ത്യന്‍ നായകന്‍റെ ഇന്നിങ്‌സിനെതിരെ ചെറിയ വിമര്‍ശനവും ഉയരുന്നുണ്ട്.
മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കറാണ് ഇന്ത്യന്‍ നായകന്‍റെ ഇന്നിങ്‌സിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മത്സരത്തില്‍ രോഹിത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് അല്‍പം നേരത്തെ ക്രീസിലെത്തിക്കൂടായിരുന്നോ എന്നാണ് ഗവാസ്‌കര്‍ ചോദിച്ചത്. മത്സരത്തിന് ശേഷമുള്ള സോണി സ്‌പോര്‍ട്‌സിന്‍റെ പ്രത്യേക പരിപാടിയിലായിരുന്നു സുനില്‍ ഗവാസ്‌കറുടെ പ്രതികരണം.
രോഹിത് ശര്‍മ എന്ന ബാറ്ററുടെ നിലവാരത്തെ കുറിച്ചും ക്ലാസിനെ കുറിച്ചും എല്ലാവര്‍ക്കും വ്യക്തമായ ധാരണയുണ്ട്. മത്സരത്തില്‍ വിജയത്തിനടുത്ത് വരെ ഇന്ത്യ എത്തിയതാണ്. അപ്പോള്‍ എന്തുകൊണ്ട് ബാറ്റിങ് ഓര്‍ഡറില്‍ അല്‍പം നേരത്തെ രോഹിത് എത്തിയില്ല എന്നതാണ് ചോദ്യം.
ഒന്‍പതാം നമ്പറില്‍ എത്തുന്നതിന് പുറമെ അദ്ദേഹത്തിന് ഏഴാമനായി ക്രീസിലെത്താമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ അക്‌സര്‍ പട്ടേലിന് മറ്റൊരു റോളില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞേനെ. ശര്‍ദുല്‍ താക്കൂറും, ദീപക് ചഹാറും ക്രീസിലേക്കെത്തിയപ്പോള്‍ രോഹിത് ബാറ്റ് ചെയ്യാനെത്തില്ലെന്നാവാം ഒരുപക്ഷെ അക്‌സര്‍ കരുതിയത്.
അതായിരിക്കാം അത്തരമൊരു ഷോട്ട് അവന്‍ കളിച്ചത്. അങ്ങനെയൊരു സാഹചര്യത്തില്‍ അത്തരത്തിലൊരു ഷോട്ട് കളിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മറുവശത്ത് രോഹിത് ശര്‍മ ഉണ്ടായിരുന്നെങ്കില്‍ അക്‌സറിന് ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്താന്‍ സാധിക്കുമായിരുന്നു. അത് ഒരുപക്ഷെ മത്സരഫലത്തെ തന്നെ മാറ്റിമറിച്ചിരുന്നിരിക്കാം എന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിന്‍റെ 272 വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 266 റണ്‍സേ നേടാനായുള്ളു. ഇന്ത്യൻ ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യർ(82), അക്‌സർ പട്ടേൽ(56) എന്നിവർക്ക് മാത്രമേ പിടിച്ചു നിൽക്കാനായുള്ളു. ഒൻപതാമനായി ക്രീസിലെത്തിയ നായകൻ രോഹിത് ശർമ (28 പന്തിൽ 51) അവസാന ഓവറുകളിൽ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.