സിഡ്‌നി : ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ (Steve Waugh On Test Cricket Future).ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന നെയ്ല്‍ ബ്രാന്‍ഡനെ നായകനാക്കിയായിരുന്നു പ്രോട്ടീസ് ടീമിനെ പ്രഖ്യാപിച്ചത്.
കീഗന്‍ പീറ്റേഴ്‌സന്‍, ഡേവിഡ് ബെഡിംഗ്ഹാം, സുബൈര്‍ ഹംസ എന്നീ മൂന്ന് പേര്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡില്‍ ഇടം പിടിച്ച, നേരത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങള്‍. പുതിയ താരങ്ങളാണ് ടീമിന്‍റെ സര്‍വ മേഖലയിലും. ഫെബ്രുവരി നാലിനാണ് ദക്ഷിണാഫ്രിക്കയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് നടക്കുന്ന സമയം ആയതിനാലാണ് അവരുടെ ക്രിക്കറ്റ് ബോര്‍ഡ് ന്യൂസിലന്‍ഡിലേക്ക് പ്രധാന താരങ്ങളെ അയക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ജനുവരി 10നാണ് എസ്എടി20 ലീഗിന്‍റെ (SAT20 League) രണ്ടാം പതിപ്പ് തുടങ്ങുന്നത്. ഈ സാഹചര്യത്തില്‍ കിവീസിലേക്ക് പ്രധാന താരങ്ങളെ അയക്കാത്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടി മുന്‍നിര്‍ത്തി ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് സ്റ്റീവ് വോ (Steve Waugh Slams Cricket South Africa).
'ദക്ഷിണാഫ്രിക്കയുടെ ന്യൂസിലന്‍ഡ് പര്യടനത്തിനിടെ, അവരുടെ മികച്ച താരങ്ങളെല്ലാം നാട്ടിലാണ് ഉണ്ടായിരിക്കുക. ഭാവിയെ കുറിച്ച് അവര്‍ക്ക് യാതൊരു ചിന്തയുമില്ല. ഈ നടപടിയില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിനോടും അവര്‍ ബഹുമാനക്കുറവ് കാണിക്കുകയാണ്.
ഇപ്പോള്‍ ഞാന്‍ ന്യൂസിലന്‍ഡ് ടീമില്‍ അംഗമായിരുന്നുവെങ്കില്‍ ഉറപ്പായും ഈ പരമ്പര ബഹിഷ്‌കരിക്കുമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലനില്‍പ്പിന് വേണ്ടി ഐസിസി കൃത്യമായ ഇടപെടല്‍ നടത്തണം. ഇവിടെ ഒരിക്കലും ഞാന്‍ താരങ്ങളെ കുറ്റപ്പെടുത്തില്ല.
കൃത്യമായ പ്രതിഫലം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ഏതൊരാളും ഫ്രാഞ്ചൈസി ക്രിക്കറ്റിനാകും പ്രാധാന്യം നല്‍കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കാന്‍ ഐസിസിയ്‌ക്കൊപ്പം ഇന്ത്യയിലേയും ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലേയുമെല്ലാം ക്രിക്കറ്റ് ബോര്‍ഡുകള്‍ രംഗത്തിറങ്ങണം.
Also Read : വിരമിക്കല്‍ ടെസ്റ്റിന് മുന്‍പ് തൊപ്പിയും ബാഗും മോഷണം പോയി ; കണ്ടെത്താന്‍ സഹായിക്കണമെന്ന് ഡേവിഡ് വാര്‍ണര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ താരങ്ങള്‍ക്കും മികച്ച മാച്ച് ഫീ തന്നെ നല്‍കണം. അല്ലാതെ, ലാഭത്തിന് പിന്നാലെ പോകാന്‍ താരങ്ങളെ അനുവദിക്കുകയാണെങ്കില്‍ ബ്രാഡ്‌മാന്‍, ഗ്രേസ്, സോബേഴ് തുടങ്ങിയ ഇതിഹാസങ്ങളുടെ ലെഗസി ഭാവിയില്‍ അപ്രസക്തമാകും' - സ്റ്റീവ് വോ അഭിപ്രായപ്പെട്ടു.
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡ് : നെയ്‌ല്‍ ബ്രാന്‍ഡ് (ക്യാപ്‌റ്റന്‍), കീഗന്‍ പീറ്റേഴ്‌സന്‍, ഡേവിഡ് ബെഡിംഗ്ഹാം, സുബൈര്‍ ഹംസ, റുവാന്‍ ഡി സ്വാര്‍ട്, ക്ലൈഡ് ഫോര്‍ച്യൂയിന്‍ (വിക്കറ്റ് കീപ്പര്‍), ഷെപോ മോറെകി, മിലാലി പൊങ്‌കുവാന, ഡ്യൂണ്‍ ഒലിവിയര്‍, ഡെയ്‌ന്‍ പാറ്റേഴ്‌സൻ, ഡെയ്‌ന്‍ പീഡ്, റെയ്‌നാർഡ് വാൻ ടോണ്ടർ, ഷോൺ വോൺ ബെർഗ്, ഖയാ സോണ്ടോ.