മുംബൈ: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ പുതിയ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുണ്ടാവില്ല. സച്ചിന്‍റെ എസ്‌ആര്‍ടി മാനേജ്‌മെന്‍റ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലീഗിന്‍റെ പ്രചരണാര്‍ഥം ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് സച്ചിന്‍റെ പങ്കാളിത്വത്തില്‍ വിശദീകരണവുമായി എസ്‌ആര്‍ടി മാനേജ്‌മെന്‍റ് രംഗത്തെത്തിയത്. സച്ചിന്‍ ലീഗിനുണ്ടാവുമെന്ന് വീഡിയോയില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നു.
''ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ സച്ചിന്‍റെ പങ്കാളിത്വവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ സത്യമല്ല. ക്രിക്കറ്റ് ആരാധകരെയും അമിതാഭ് ബച്ചനെയും തെറ്റിദ്ധരിപ്പിക്കുന്ന നടപടികളിൽ നിന്ന് സംഘാടകർ വിട്ടുനിൽക്കണം'' എസ്‌ആര്‍ടി മാനേജ്‌മെന്‍റിന്‍റെ ഔദ്യോഗിക വക്താവ് പറഞ്ഞു.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളെ അണിനിരത്തി നടത്തുന്ന ലീഗിന്‍റെ പ്രഥമ സീസണില്‍ സച്ചിന്‍ നയിച്ച ഇന്ത്യ ലെജന്‍ഡ്‌സാണ് കിരീടം ചൂടിയത്. പുതിയ സീസണില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിന് 'ഇന്ത്യ മഹാരാജ' എന്നാണ് പേരിട്ടിരിക്കുന്നത്.
also read: ഫിഫ ദി ബെസ്റ്റ്: മികച്ച പുരുഷതാരമാവാന്‍ മെസിയും ലെവന്‍ഡോവ്‌സ്‌കിയും സലയും
വിരേന്ദ്ര സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, ബദരീനാഥ്, ആർപി സിങ്, പ്രഗ്യാൻ ഓജ, നമൻ ഓജ, മൻപ്രീത് ഗോണി, ഹേമാംഗ് ബദാനി, വേണുഗോപാൽ റാവു, മുനാഫ് പട്ടേൽ, സഞ്ജയ് ബംഗാർ, നയൻ മോംഗിയ, അമിത് ഭണ്ഡാരി എന്നീ മുൻ താരങ്ങളാണ് ഇന്ത്യ മഹാരാജയുടെ ഭാഗമായി കളത്തിലിറങ്ങുക.
ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിരമിച്ച ക്രിക്കറ്റ് താരങ്ങളാണ് ലീഗില്‍ പങ്കെടുക്കുക. ജനുവരി 20ന് ഒമാനിലെ അൽ അമേറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ ആരംഭിക്കുക.