പൂനെ : ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 16 റണ്‍സിന്‍റെ തോൽവി. ശ്രീലങ്കയുടെ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 190 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യൻ നിരയിൽ അക്‌സർ പട്ടേൽ(65), സൂര്യകുമാർ യാദവ്(51) എന്നിവർക്ക് മാത്രമേ തിളങ്ങാനായുള്ളൂ. ഇവരെക്കൂടാതെ ഹാർദിക് പാണ്ഡ്യ(12), ശിവം മാവി(25) എന്നിവർക്ക് മാത്രമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനുമായുള്ളൂ. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി സമനിലയിലെത്തി.
ശ്രീലങ്കയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ(2) ഇന്ത്യക്ക് നഷ്‌ടമായി. ഓവറിലെ തന്നെ അവസാന പന്തിൽ ശുഭ്‌മാൻ ഗില്ലിനെയും(5) നഷ്‌ടമായതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു. തൊട്ടുപിന്നാലെ അരങ്ങേറ്റക്കാരനായ രാഹുൽ ത്രിപാഠി(5) കൂടി പുറത്തായതോടെ ഇന്ത്യ രണ്ട് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 21 എന്ന നിലയിലായി.
കരകയറ്റി സൂര്യ അക്‌സർ കൂട്ടുകെട്ട് : എന്നാൽ തുടർന്നെത്തിയ സൂര്യകുമാർ നിലയുറപ്പിച്ച് കളിക്കാൻ തുടങ്ങി. ഇതിനിടെ നായകൻ ഹാർദിക് പാണ്ഡ്യയേയും(12) ഇന്ത്യക്ക് നഷ്‌ടമായി. പിന്നാലെ ദീപക് ഹൂഡയും(9) മടങ്ങിയതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു. എന്നാൽ തുടർന്നെത്തിയ അക്‌സർ പട്ടേൽ സൂര്യകുമാറിനെ കൂട്ടുപിടിച്ച് ശ്രീലങ്കൻ ബോളർമാരെ ആക്രമിച്ച് കളിക്കാൻ തുടങ്ങി. ഇരുവരും ചേർന്ന് 91 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി പടുത്തുയർത്തിയത്.
ടീം സ്‌കോർ 146 നിൽക്കെ സൂര്യകുമാറിനെ പുറത്താക്കിയാണ് ശ്രീലങ്ക ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തിൽ മൂന്ന് വീതം സിക്‌സിന്‍റെയും ഫോറിന്‍റെയും അകമ്പടിയോടെയാണ് സൂര്യകുമാർ 51 റണ്‍സ് നേടിയത്. സൂര്യകുമാർ യാദവ് പുറത്തായതോടെ അക്‌സർ പട്ടേൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനിടെ ക്രീസിലെത്തിയ ശിവം മാവിയും തകർപ്പൻ ഷോട്ടുകളുമായി ശ്രീലങ്കയെ ഞെട്ടിച്ചു.
എന്നാൽ 19-ാം ഓവറിൽ ടീം സ്‌കോർ 189ൽ നിൽക്കെ അക്‌സർ പട്ടേൽ പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. 31 പന്തിൽ ആറ് സിക്‌സിന്‍റെയും മൂന്ന് ഫോറിന്‍റെയും അകമ്പടിയോടെയാണ് അക്‌സർ 65 റണ്‍സ് നേടിയത്. മത്സരത്തിന്‍റെ അവസാന പന്തിലാണ് ശിവം മാവി പുറത്തായത്. 15 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും നേടിയ താരം 26 റണ്‍സാണ് അടിച്ചെടുത്തത്.
തകർത്തടിച്ച് ശനക : നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക അർധ സെഞ്ച്വറി നേടിയ കുശാൽ മെൻഡിസ്(52), ദസുൻ ശനക(56) എന്നിവരുടെ മികവിലാണ് കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. ശ്രീലങ്ക പവർപ്ലേയിൽ തന്നെ ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണർമാരായ പാത്തും നിസങ്ക, കുശാൽ മെൻഡിസ് എന്നിവർ ചേർന്ന് ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു.
ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 80 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നീട് നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീണെങ്കിലും അവസാന ഓവറിൽ ശനകയുടെ തകർപ്പൻ ബാറ്റിങ് ഇന്ത്യയുടെ പദ്ധതികളെല്ലാം പൊളിച്ചു. ഇന്ത്യക്കായി ഉമ്രാൻ മാലിക് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അക്‌സർ പട്ടേൽ രണ്ടും യുസ്‌വേന്ദ്ര ചാഹൽ ഒരു വിക്കറ്റും നേടി.