ഹരാരെ: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടി ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക. യോഗ്യത റൗണ്ടിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ സിംബാബ്‌വെയെ കീഴടക്കിയാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്ക സിംബാബ്‌വെയെ തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ നേടിയ 165 റണ്‍സിന് മറുപടിക്കിറങ്ങിയ ശ്രീലങ്ക 33.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 169 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. അപരാജിത സെഞ്ചുറി നേടിയ ഓപ്പണര്‍ പത്തും നിസ്സാങ്കയാണ് ടീമിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്.
-
Sri Lanka are #CWC23 bound 🤩🇱🇰 pic.twitter.com/DfV6N7TSKY
— ICC (@ICC) July 2, 2023 " class="align-text-top noRightClick twitterSection" data="
">Sri Lanka are #CWC23 bound 🤩🇱🇰 pic.twitter.com/DfV6N7TSKY
— ICC (@ICC) July 2, 2023Sri Lanka are #CWC23 bound 🤩🇱🇰 pic.twitter.com/DfV6N7TSKY
— ICC (@ICC) July 2, 2023
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ലങ്കയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പര്‍മാരായ പത്തും നിസ്സാങ്കയും ദിമുത് കരുണരത്‌നയും നല്‍കിയത്. 103 റണ്‍സ് നീണ്ടു നിന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 20-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് സിംബാബ്‌വെയ്‌ക്ക് പൊളിക്കാന്‍ കഴിഞ്ഞത്. 65 പന്തില്‍ 30 റണ്‍സെടുത്ത ദിമുത് കരുണരത്‌നയെ വീഴ്‌ത്തി റിച്ചാര്‍ഡ് എന്‍ഗാറവയാണ് സിംബാബ്‌വെയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
എന്നാല്‍ തുടര്‍ന്നെത്തിയ കുശാല്‍ മെന്‍ഡിസിനെ കൂട്ടുപിടിച്ച് നിസ്സാങ്ക ലങ്കയെ വിജയ തീരത്തേക്ക് എത്തിച്ചു. വിജയ റണ്‍ ബൗണ്ടറിയിലൂടെ നേടിയ നിസ്സാങ്ക ഒപ്പം തന്‍റെ സെഞ്ചുറിയും തികയ്‌ക്കുകയായിരുന്നു. 102 പന്തുകളില്‍ നിന്ന് 101 റണ്‍സെടുത്താണ് താരം പുറത്താവാതെ നിന്നത്. 14 ഫോറുകളടങ്ങുന്നതാണ് ലങ്കന്‍ ഓപ്പണറുടെ ഇന്നിങ്‌സ്. പുറത്താവാതെ 42 പന്തില്‍ 25 റണ്‍സുമായാണ് കുശാല്‍ മെന്‍ഡിസ് നിസ്സാങ്കയ്‌ക്ക് പിന്തുണ നല്‍കിയത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സിംബാബ്‌വെയെ ലങ്കന്‍ ബോളര്‍മാര്‍ 32.2 ഓവറില്‍ എറിഞ്ഞിടുകയായിരുന്നു. നാല് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് മഹീഷ് തീക്ഷണയും മൂന്ന് വിക്കറ്റുമായി ദില്‍ഷന്‍ മധുശങ്കയുമാണ് പൊളിച്ചടക്കലിന് നേതൃത്വം നല്‍കിയത്. മതീഷ പതിരണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
അര്‍ധ സെഞ്ചുറി നേടിയ സീന്‍ വില്യംസിന് പുറമെ സിക്കന്ദര്‍ റാസ മാത്രമാണ് ലങ്കന്‍ ബോളര്‍മാര്‍ക്കെതിരെ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചത്. സീന്‍ വില്യംസ് 57 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ സിക്കന്ദര്‍ റാസ 51 പന്തില്‍ 31 റണ്‍സ് നേടി. മറ്റ് താരങ്ങള്‍ തീര്‍ത്തും നിറം മങ്ങി.
ഇതോടെ ക്വാളിഫയര്‍ കളിച്ച രാജ്യങ്ങളില്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായും ലങ്ക മാറി. യോഗ്യത റൗണ്ടില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ടീമിന്‍റെ കുതിപ്പ്. ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തുന്ന ഒമ്പതാമത്തെ ടീമാണ് ശ്രീലങ്ക. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി സിംബാബ്‌വെയും സ്‌കോട്‌ലന്‍ഡും തമ്മിലാണ് മത്സരം.
സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനോട് തോറ്റ വെസ്റ്റ് ഇന്‍ഡീസ് നേരത്തേ പുറത്തായിരുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് മുന്‍ ചാമ്പ്യന്മാരായ വെസ്‌റ്റ് ഇന്‍ഡീസില്ലാതെ ഏകദിന ലോകകപ്പ് നടക്കുന്നത്.