സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സില്‍ പുറത്ത്. (South Africa vs India 1st Test Score Updates). സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ കെഎല്‍ രാഹുലിന്‍റെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്. (KL Rahul Century). 137 പന്തുകളില്‍ 101 റണ്‍സാണ് രാഹുലിന്‍റെ സമ്പാദ്യം.
കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന താരത്തിന്‍റെ അക്കൗണ്ടില്‍ 14 ബൗണ്ടറിയും 4 സിക്‌സുകളുമുണ്ട്. മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് എട്ടിന് 208 എന്ന നിലയിലാണ് സന്ദര്‍ശകര്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. കെഎല്‍ രാഹുലും മുഹമ്മദ് സിറാജുമായിരുന്നു ബാറ്റ് ചെയ്യാന്‍ എത്തിയത്.
രാഹുലിന് പിന്തുണ നല്‍കി കളിക്കുകയായിരുന്ന സിറാജിനെ (22 പന്തില്‍ 5) അധികം വൈകാതെ തന്നെ പിടിച്ച് കെട്ടാന്‍ പ്രോട്ടീസിനായി. തുടര്‍ന്നെത്തിയ പ്രസിദ്ധ് കൃഷ്‌ണയെ ഒരറ്റത്ത് നിര്‍ത്തി സെഞ്ചുറി തികച്ചതിന് പിന്നാലെ രാഹുലിനെ ബൗള്‍ഡാക്കിയ നാന്ദ്രെ ബര്‍ഗര്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ആകെ 37 റണ്‍സാണ് ഇന്ന് ഇന്ത്യ നേടിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കായി അഞ്ച് വിക്കറ്റ് വീഴ്‌ത്തി കാഗിസോ റബാഡയാണ് (Kagiso Rabada) സന്ദര്‍ശകരുടെ നടുവൊടിച്ചത്. നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. അതേസമയം മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യം ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു.
സാഹചര്യം മുതലെടുത്ത് പ്രോട്ടീസ് പേസര്‍മാര്‍ തുടക്കം തൊട്ടുതന്നെ ഇന്ത്യയെ വെള്ളം കുടിപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (14 പന്തില്‍ 5), ശുഭ്‌മാന്‍ ഗില്‍ (12 പന്തില്‍ 2) യശസ്വി ജയ്‌സ്വാള്‍ (37 പന്തില്‍ 17) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. വിരാട് കോലി (64 പന്തില്‍ 38), ശ്രേയസ് അയ്യര്‍ (50 പന്തില്‍ 31), ശാര്‍ദുല്‍ താക്കൂര്‍ (33 പന്തില്‍ 24) എന്നിവരാണ് രാഹുലിനെക്കൂടാതെ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചത്. ആര്‍ അശ്വിന്‍ (11 പന്തില്‍ 8), ജസ്‌പ്രീത് ബുംറ (19 പന്തില്‍ 1) എന്നിവരായിരുന്നു ഇന്നലെ പുറത്തായ മറ്റ് താരങ്ങള്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (ഡബ്ല്യു), രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ (India Playing XI against South Africa).
ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവന്‍: ഡീൻ എൽഗർ, എയ്‌ഡൻ മാർക്രം, ടോണി ഡി സോർസി, ടെംബ ബാവുമ (ക്യാപ്റ്റന്‍), കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ (ഡബ്ല്യു), മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ (South Africa Playing XI against India).