ന്യൂഡല്‍ഹി : ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നും ഡബ്ല്യൂ വി രാമനെ പുറത്താക്കിയതില്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഐസിസി ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യന്‍ സംഘത്തെ എത്തിക്കാന്‍ കഴിഞ്ഞ രാമനെ മാറ്റിയതില്‍ ഗാംഗുലി ആശ്ചര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
രാമന് കീഴില്‍ 2018 മുതല്‍ 2020വരെ അഞ്ച് ഏകദിന പരമ്പരയും നിരവധി ടി20 മത്സരങ്ങളും കളിച്ച ഇന്ത്യന്‍ ടീമിന് മിക്കവയിലും ജയിക്കാനായിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ മാത്രമാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വിയറിഞ്ഞത്. അതേസമയം കഴിഞ്ഞ ആഴ്ചയാണ് ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) രാമന് പകരം മുന്‍ ഇന്ത്യൻ താരം കൂടിയായ രമേഷ് പവാറിനെ വനിത ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി തെരഞ്ഞെടുത്തത്.
also read: 'വിമര്‍ശനങ്ങളില്‍ ശൈലി മാറ്റാന്‍ തയ്യാറല്ല': വൃദ്ധിമാൻ സാഹ
35 പേരടങ്ങുന്ന അപേക്ഷകരുടെ പട്ടികയില്‍ നിന്നാണ് പവാറിനെ തെരഞ്ഞെടുത്തത്. മുന്‍പ് അഞ്ച് മാസക്കാലം ഇന്ത്യന്‍ വനിത ടീമിന്‍റെ പരിശീലകനായി പവാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലെ ടി20 ലോകകപ്പ് സെമിയില്‍ സീനിയര്‍ താരം മിതാലി രാജിനെ പുറത്തിരുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് പവാറിനെ നീക്കിയത്. അതേസമയം ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ കിരീടത്തിലെത്തിക്കാന്‍ പവാറിനായിരുന്നു.