സിൽഹെറ്റ്: അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ 100 മത്സരങ്ങള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കി സ്റ്റാര്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന. വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ തായ്‌ലന്‍ഡിനെതിരായ മത്സരത്തിനിറങ്ങിയതോടെയാണ് സ്‌മൃതി പ്രസ്‌തുത നേട്ടത്തിന് അര്‍ഹയായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് സ്‌മൃതിയ്‌ക്ക് മുന്നെ അന്താരാഷ്‌ട്ര ടി20യില്‍ 100 മത്സരങ്ങളെന്ന നിര്‍ണായക നാഴികകല്ല് പിന്നിട്ടത്.
ഇന്ത്യയ്‌ക്കായി 135 ടി20 മത്സരങ്ങള്‍ കളിച്ച ഹര്‍മന്‍പ്രീത് 27.28 ശരാശരിയില്‍ 2647 റണ്‍സ് നേടിയിട്ടുണ്ട്. സ്‌മൃതിയാവട്ടെ 100 മത്സരങ്ങളില്‍ 26.96 ശരാശരിയില്‍ 2373 റണ്‍സാണ് നേടിയത്. 17 അര്‍ധ സെഞ്ച്വറികളടക്കമാണ് താരത്തിന്‍റെ പ്രകടനം.
അന്താരഷ്‌ട്ര ടി20യില്‍ ഇന്ത്യയ്‌ക്കായി 100 മത്സരങ്ങള്‍ തികയ്‌ക്കുന്ന നാലാമത്തെ മാത്രം താരമാണ് സ്‌മൃതി. പുരുഷ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയാണ് ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരം. 142 മത്സരങ്ങളിലാണ് രോഹിത് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഹര്‍മന്‍പ്രീതിന് പുറമെ വിരാട് കോലിയാണ് (109) പട്ടികയിലുള്‍പ്പെട്ട മറ്റൊരു താരം.
തായ്‌ലന്‍ഡിനെതിരെ സ്ഥിരം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ചതോടെ സ്‌മൃതിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടുകയും ചെയ്‌തു.
also read: വനിത ഏഷ്യ കപ്പ്: തായ്‌ലന്‍ഡ് നേടിയത് 37 റണ്‍സ്; ആറോവറില്‍ കളി തീര്‍ത്ത് ഇന്ത്യ