ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ (ICC ODI Ranking) ഉയര്‍ച്ച് തുടര്‍ന്ന് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill). ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തിയ ശുഭ്‌മാന്‍ ഗില്‍ രണ്ടാം റാങ്കിലേക്ക് കയറി (Shubman Gill ODI ranking). താരത്തിന്‍റെ കരിയര്‍ ബെസ്റ്റാണിത്. 759 റേറ്റിങ് പോയന്‍റുമായി ശുഭ്‌മാന്‍ ഗില്‍ രണ്ടാം റാങ്ക് സ്വന്തമാക്കിയത്.
ഏഷ്യ കപ്പില്‍ (Asia Cup 2023) പാകിസ്ഥാനെതിരായ മത്സരത്തിലെ അര്‍ധ സെഞ്ചുറിയാണ് ഗില്ലിന് കരുത്തായത്. പേരുകേട്ട പാക് പേസ് നിരയെ കടന്നാക്രമിച്ച് 58 റണ്‍സായിരുന്നു മത്സരത്തില്‍ ഗില്‍ അടിച്ചെടുത്തത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ആദ്യ പത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ വിരാട് കോലിയും (Virat Kohli) തന്‍റെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. രണ്ട് സ്ഥാനങ്ങള്‍ വീതമാണ് ഇരുവരും ഉയര്‍ന്നത്.
നിലവിലെ റാങ്കിങ്ങില്‍ വിരാട് കോലി (Virat Kohli ODI ranking) എട്ടാമതും രോഹിത് (Rohit Sharma ODI ranking) ഒമ്പതാമതുമാണുള്ളത്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് മൂന്ന് ഇന്ത്യൻ താരങ്ങൾ ബാറ്റര്‍മാരുടെ റാങ്കിങ്ങിൽ ആദ്യ പത്തില്‍ ഒന്നിച്ച് എത്തുന്നത്. നാല് വര്‍ഷം മുമ്പ് വിരാട് കോലി, രോഹിത് ശര്‍മ, ശിഖർ ധവാൻ എന്നിവരായിരുന്നു റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഒന്നിച്ച് എത്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍.
2018 സെപ്റ്റംബറിൽ റാങ്കിങ്ങില്‍ ആദ്യ ആറ് റാങ്കുകള്‍ക്ക് ഉള്ളിലായിരുന്നു മൂവരുടേയും സ്ഥാനം. പാകിസ്ഥാനെതിരായ അപരാജിത സെഞ്ചുറിയാണ് കോലിയ്‌ക്ക് മുതല്‍ക്കൂട്ടായത്. മത്സരത്തില്‍ 94 പന്തുകളില്‍ നിന്നും പുറത്താവാതെ 122 റണ്‍സായിരുന്നു താരം നേടിയിരുന്നത്.
34-കാരന്‍റെ ഏകദിന കരിയറിലെ 47-ാം സെഞ്ചുറിയാണിത്. പാകിസ്ഥാനും പിന്നീട് ശ്രീലങ്കയ്‌ക്കും എതിരായ അര്‍ധ സെഞ്ചുറികളാണ് രോഹിത്തിനെ റാങ്കിങ്ങില്‍ ഉയര്‍ത്തിയത്. പാകിസ്ഥാനെതിരെ 56 റണ്‍സും ശ്രീലങ്കയ്‌ക്ക് എതിരെ 53 റണ്‍സുമായിരുന്നു രോഹിത് നേടിയിരുന്നത്. ഈ മികവോടെ ഏകദിന ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന നാഴികകല്ല് പിന്നിടാനും രോഹിത്തിന് കഴിഞ്ഞിരുന്നു.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് രോഹിത് എത്തിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉള്‍പ്പെടെ പിന്തള്ളിക്കൊണ്ടാണ് ഹിറ്റ്‌മാന്‍റെ കുതിപ്പ്. ഏകദിനത്തില്‍ 10,000 റണ്‍സ് എന്ന നേട്ടത്തിലേക്ക് 241 ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ക്യാപ്റ്റന് വേണ്ടി വന്നത്. 205 ഇന്നിങ്‌സുകളില്‍ നിന്നും പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ വിരാട് കോലിയാണ് പട്ടികയില്‍ തലപ്പത്ത്.
കുല്‍ദീപിനും കുതിപ്പ്: ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവ് (Kuldeep Yadav) മെച്ചമുണ്ടാക്കി. ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ അഞ്ച് വിക്കറ്റും ശ്രീലങ്കയ്‌ക്ക് എതിരെ നാല് വിക്കറ്റും വീഴ്‌ത്തി തിളങ്ങിയ താരം നിലവില്‍ ഏഴാം റാങ്കിലാണ്. ആറ് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്. ഒമ്പതാമതുള്ള മുഹമ്മദ് സിറാജാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ നാല് സ്ഥാനങ്ങളുയര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ ആറാമതെത്തി.