ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ (ICC ODI Ranking) കരിയര്‍ ബെസ്റ്റില്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill). ഇന്ന് പുറത്ത് വിട്ട് ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്‌മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി (Shubman Gill ICC ODI ranking). 750 റേറ്റിങ് പോയന്‍റുമായി 23-കാരനായ ശുഭ്‌മാന്‍ ഗില്‍ മൂന്നാമത് നില്‍ക്കുന്നത്.
ഏഷ്യ കപ്പില്‍ (Asia Cup 2023) നേപ്പാളിനെതിരായ അര്‍ധ സെഞ്ചുറിയാണ് ഗില്ലിന് തുണയായത്. മത്സരത്തില്‍ 67 റണ്‍സ് നേടിയ താരം പുറത്താവാതെ നിന്നിരുന്നു. ഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയതോടെ പാകിസ്ഥാന്‍റെ ഇമാം ഉള്‍ ഹഖ് മൂന്നില്‍ നിന്നും നാലിലേക്ക് താഴ്‌ന്നു. ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ മറ്റ് മാറ്റങ്ങളില്ല.
പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് (Babar Azam) ഒന്നാം സ്ഥാനത്ത് തുടരുന്നത്. 882 റേറ്റിങ് പോയിന്‍റാണ് ബാബര്‍ അസമിനുള്ളത്. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ദസ്സന്‍ 777 റേറ്റിങ് പോയന്‍റുമായി രണ്ടാമത് തുടരുകയാണ്.
ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ അര്‍ധ സെഞ്ചുറി പ്രകടനത്തോടെ യുവതാരം ഇഷാന്‍ കിഷനും (Ishan Kishan) നേട്ടമുണ്ടാക്കി. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇഷാന്‍ ആദ്യ 25-ല്‍ ഇടം പിടിച്ചു (Ishan Kishan ODI ranking). 624 റേറ്റിങ് പോയിന്‍റുമായി നിലവില്‍ 24-ാം റാങ്കിലാണ് ഇഷാന്‍ കിഷന്‍. താരത്തിന്‍റേയും കരിയര്‍ ബെസ്റ്റ് റാങ്കിങ്ങാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മിന്നും ഫോം പാകിസ്ഥാനെതിരായ മത്സരത്തിലും ആവര്‍ത്തിക്കുകയായിരുന്നു ഇഷാന്‍.
ഇന്ത്യ ഏറെ പ്രതിരോധത്തില്‍ നില്‍ക്കെ 81 പന്തുകളില്‍ 82 റണ്‍സായിരുന്നു ഇഷാന്‍ നേടിയിരുന്നത്. ഏകദിനത്തില്‍ 25-കാരന്‍റെ തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ചുറി കൂടിയായിരുന്നു പാകിസ്ഥാനെതിരായത്. വിരാട് കോലി (Virat Kohli) 10-ാം റാങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) 11-ാം റാങ്കിലും തുടരുകയാണ്.
ബോളര്‍മാരുടെ പട്ടികയില്‍ ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഒരു സ്ഥാനം ഉയര്‍ന്ന താരം അഞ്ചാം സ്ഥാനത്തേക്ക് കയറി. ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടും ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലെത്തിയപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍റെ മുജീബ് ഉര്‍ റഹ്‌മാന്‍ രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന് ആറാമതായി. പട്ടികയില്‍ ആദ്യ പത്തില്‍ മറ്റ് മാറ്റങ്ങളില്ല.
ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍ വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ന്യൂസിലന്‍ഡിന്‍റെ മാറ്റ് ഹെന്‍ട്രി എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍ തുടരുന്നത്. എട്ടാം റാങ്കിലുള്ള മുഹമ്മദ് സിറാജാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. കുല്‍ദീപ് യാദവ് 12-ാം റാങ്കിലുണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ മാറ്റമില്ല. ഹാര്‍ദിക് പാണ്ഡ്യ 10-ാം റാങ്കില്‍ തുടരുന്നുണ്ട്.