ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരെ പുനഃക്രമീകരിച്ച ടെസ്റ്റ് ജൂണ്‍ ഒന്നിന് ആരംഭിക്കാനിരിക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ ആഴ്‌ച കൊവിഡ് ബാധിതനായ താരം നിലവില്‍ ഐസൊലേഷനിലാണുള്ളത്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും പരിക്കേറ്റ് പുറത്തായതോടെ എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യയെ ആരാകും നയിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മത്സരത്തിന് രോഹിത് ലഭ്യമായില്ലെങ്കില്‍ പേസർ ജസ്പ്രീത് ബുംറയോ, വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തോ ടീമിനെ നയിക്കുമെന്നാണ് സംസാരം. എന്നാല്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് ചുമതല നല്‍കണമെന്നാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി പറയുന്നത്. അന്തിമ തീരുമാനം കോലിയുടേതാണെന്നും മൊയീന്‍ അലി പറഞ്ഞു.
"ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്നലെ രാത്രി ഞാൻ ഇതേക്കുറിച്ച് ചിന്തിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പരമ്പരയില്‍ വിരാടായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. ഈ ഒരു മത്സരത്തിനും ഞാന്‍ അദ്ദേഹത്തിന് തന്നെ ചുമതല നല്‍കും.
also read: ഇംഗ്ലണ്ടിനെതിരെ രോഹിത്തല്ലെങ്കില്‍ മറ്റാരെന്ന് ഐസിസി ; ഹര്‍ഭജന്‍റെ ഉത്തരം ഇതാണ്
തീര്‍ച്ചയായും അന്തിമ തീരുമാനം വിരാടിന്‍റേത് തന്നെയാണ്. അദ്ദേഹം അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അദ്ദേഹം സന്തോഷവാനാണ്, അദ്ദേഹത്തിന്‍റെ മനസ് ശാന്തമായി, 'ഞാൻ ഇനി ഒരിക്കലും ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനാകാൻ പോകുന്നില്ല' എന്നായിരിക്കും പറയുന്നുണ്ടാവുക. അതിനാൽ ഇക്കാര്യം ബുദ്ധിമുട്ടായിരിക്കും.
പക്ഷേ ഇതൊരുനല്ല ആശയമാണെന്നാണ് ഞാൻ കരുതുന്നത്. വിരാടിന് ധാരാളം അനുഭവ സമ്പത്തുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പരമ്പരയാണ്." മൊയിന്‍ അലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച അവസാന മത്സരത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും പോരടിക്കുക.
നിലവില്‍ 2-1ന് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. അതേസമയം കഴിഞ്ഞ ദിവസം രോഹിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയാണ് താരം പങ്കുവച്ചത്. ഇതോടെ രോഹിത് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.