ലാഹോര്‍ : 100 മൈൽ വേഗത്തിൽ തീ തുപ്പുന്ന പന്തുകളെറിഞ്ഞിരുന്ന പാക് പേസർ ശുഹൈബ് അക്തര്‍ ബാറ്റർമാരുടെ പേടിസ്വപ്‌നമായിരുന്നു. കരിയറിൽ ബോളിങ് വേഗത കൂട്ടാന്‍ വേണ്ടി നടത്തിയ പരിശീലനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അക്തര്‍. വേഗവും ശാരീരീകക്ഷമതയും വർദ്ധിപ്പിക്കാനായി 4-5 മൈലുകളോളം ട്രക്ക് വലിച്ചുകൊണ്ട് പോകുമായിരുന്നു എന്നാണ് അക്തര്‍ പറയുന്നത്.
മണിക്കൂറില്‍ 155 കിമീ എന്ന വേഗത പിന്നിട്ടുകഴിഞ്ഞാൽ ഇനി ഒരു 5 കിമീ വേഗത കൂടി കണ്ടെത്താനാവും എന്ന് നമുക്ക് മനസിലാവും. എന്നാല്‍ ആ വേഗത കൂട്ടിച്ചേര്‍ക്കാന്‍ പ്രത്യേക പരിശീലനം നടത്തണം. 100 മൈല്‍ റെക്കോര്‍ഡ് തകര്‍ക്കുന്നതിന് മുന്‍പ് 157-58 വേഗതയിലാണ് ഞാന്‍ പന്തെറിഞ്ഞിരുന്നത്. 160 എന്ന വേഗം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല, അക്തര്‍ പറയുന്നു.
'ആദ്യം ഞാന്‍ ടയറുകൾ ഉപയോഗിച്ച് ഓടാൻ തുടങ്ങി, പക്ഷേ അവ ഭാരം കുറഞ്ഞതാണെന്ന് പെട്ടെന്ന് മനസിലായി. പിന്നീട് ചെറിയ വാഹനങ്ങള്‍ വലിച്ച് തുടങ്ങി. രാത്രി സമയങ്ങളിലാണ് ഞാന്‍ വാഹനം വലിച്ച് പരിശീലിച്ചത്. എന്നാല്‍ ഈ വാഹനങ്ങള്‍ ചെറുതാണ് എന്ന് തോന്നി തുടങ്ങിയതോടെ ഞാന്‍ ട്രക്ക് വലിച്ച് നടക്കാൻ തുടങ്ങി. 4-5 മൈല്‍ ദൂരം ട്രക്ക് വലിച്ചുകൊണ്ടുപോകുമായിരുന്നു. 26 യാര്‍ഡില്‍ 150 കിമീ എന്നതായിരുന്നു എന്‍റെ ലക്ഷ്യം. ഇങ്ങനെ പരിശീലനം തുടര്‍ന്നാണ് മണിക്കൂറില്‍ 150 കിമീ എന്ന വേഗത കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞത്.'
ALSO READ: ഇന്ത്യ-പാകിസ്ഥാന്‍ ഐക്യം തകര്‍ക്കരുത്; സെവാഗിന് മറുപടിയുമായി അക്തര്‍
2003 ലോകകപ്പ് എത്തിയപ്പോഴേക്കും റെക്കോർഡ് തകർക്കാനാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് അക്തർ വെളിപ്പെടുത്തി, നെറ്റ്സിൽ തന്നെ നേരിട്ടതിനെത്തുടർന്ന് ഭയന്ന സഹതാരങ്ങളോട് പോലും അക്കാര്യം പറഞ്ഞിരുന്നു. ലോകകപ്പിനായി ഞാന്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ 'നീ ഞങ്ങളെ കൊല്ലുമല്ലോ' എന്നാണ് ബാറ്റര്‍മാര്‍ പറഞ്ഞത്. വേഗം കൂട്ടാന്‍ എന്താണ് ചെയ്‌തത് എന്നെല്ലാം അവര്‍ ചോദിച്ചു. 100 മൈല്‍ കണ്ടെത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്‌തെന്നാണ് അവര്‍ക്കെല്ലാം മറുപടി കൊടുത്തത് - അക്തര്‍ പറയുന്നു.
2003 ലോകകപ്പിലാണ് അക്തര്‍ ഏറ്റവും വേഗമേറിയ ഡെലിവറി തന്‍റെ പേരില്‍ കുറിച്ചത്. മണിക്കൂറില്‍ 161.3 കിമീ എന്ന വേഗതയാണ് ഇവിടെ അക്തര്‍ കണ്ടെത്തിയത്. ഓപ്പണർ നിക്ക് നൈറ്റ് ആയിരുന്നു ആ പന്ത് നേരിട്ടത്. ലോകകപ്പിന് ശേഷം ഇതിലും വേഗത കൂട്ടാന്‍ ശ്രമിച്ചെങ്കിലും പരിക്കുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.