ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാവി പ്രവചിച്ച് മുന്‍ പാക് താരം ഷൊയ്‌ബ് അക്തര്‍. ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പുറത്താകുമെന്നാണ് അക്തറിന്‍റെ പ്രവചനം. പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി നാട്ടിലേക്ക് എത്തുമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.
പാകിസ്ഥാന്‍ ടീം ഈ ആഴ്‌ച തന്നെ നാട്ടിലേക്ക് മടങ്ങും. പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീം അടുത്തയാഴ്‌ച നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഇന്ത്യയുടെ പോരാട്ടം സെമി ഫൈനലില്‍ അവസാനിക്കുമെന്നും അക്തര്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുമെന്ന് താന്‍ പറഞ്ഞിരുന്നതാണ്. രാജ്യാന്തര തലത്തില്‍ കളി ജയിപ്പിക്കാന്‍ കഴിവുളളവരല്ല പാകിസ്ഥാന്‍റെ ഓപ്പണര്‍മാരും മധ്യനിരയും. ഇക്കാര്യം പലവട്ടം പറഞ്ഞിട്ടും ഫലമുണ്ടായില്ല.
വളരെ മോശം ക്യാപ്‌റ്റനാണ് പാകിസ്ഥാന് ഇപ്പോഴുള്ളത്. ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയോട് പരാജയപ്പെട്ട് തന്നെ ടീം പുറത്തേക്കുള്ള വഴി തുറന്നു. ക്യാപ്‌റ്റന്‍സിയും ടീം മാനേജ്‌മെന്‍റുമെല്ലാം പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.