കറാച്ചി: ക്രിക്കറ്റിലെ ഏക്കലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ പാകിസ്ഥാന്‍ ഇതിഹാസ താരം ഷൊയ്ബ് അക്തറിന് ഇന്ത്യയിലുള്‍പ്പെടെ വലിയ ആരാധകവൃന്ദമാണുള്ളത്. ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ചരിത്രം തീര്‍ത്ത താരത്തെ 'റാവൽപിണ്ടി എക്‌സ്‌പ്രസ്' എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. മറ്റ് ചില താരങ്ങളെപ്പോലെ അഭിനയമോഹവും അക്തറിനുണ്ടായിരുന്നു.
ഒരിക്കല്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ക്ഷണം ലഭിച്ചുവെങ്കിലും സ്വീകരിക്കാനായില്ലെന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാക് ഇംഗ്ലീഷ് ദിനപ്പത്രമായ ദി എക്‌സ്‌പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹേഷ് ഭട്ടിന്‍റെ ക്രൈം-ഡ്രാമയായ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യാനുള്ള ഓഫറുമായി അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതായാണ് അക്‌തര്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ചില നിർബന്ധങ്ങൾ കാരണം തനിക്കത് ഉപേക്ഷിക്കേണ്ടിവന്നുവെന്നും അക്‌തര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഹാഷ്‌മി, കങ്കണ റണാവത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്യാങ്സ്റ്റർ 2006ലാണ് തിയേറ്ററുകളിലെത്തിയത്.
അതേസമയം കഴിഞ്ഞ വർഷം തന്‍റെ ബയോപിക്കിന്‍റെ പേര് 'റാവൽപിണ്ടി എക്സ്പ്രസ്: റേസിങ് എഗെയ്ൻസ്റ്റ് ദ ഓഡ്‌സ്' എന്നാണെന്ന് അക്‌തര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ നിർമ്മാണം ആരംഭിച്ചോ ഇല്ലയോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അജ്ഞാതമാണെങ്കിലും ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി കഴിഞ്ഞ മാസം 47കാരന്‍ അറിയിച്ചിരുന്നു.
വിയോജിപ്പുകളും കരാർ ലംഘനങ്ങളുമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് ഒരു ട്വിറ്റിലൂടെ അക്‌തര്‍ വ്യക്തമാക്കിയത്. പാകിസ്ഥാനായി 163 ഏകദിനങ്ങളിലും 14 ടി20കളിലും 46 ടെസ്റ്റുകളിലും അക്‌തര്‍ കളിച്ചിട്ടുണ്ട്. 247 ഏകദിന വിക്കറ്റുകളും 21 ടി20 വിക്കറ്റുകളും 178 ടെസ്റ്റ് വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്. 100 മൈൽ വേഗതയിൽ പന്തെറിയുന്ന ആദ്യ ക്രിക്കറ്റര്‍ കൂടിയാണ് അക്‌തര്‍.
ALSO READ: 50,000 രൂപയ്‌ക്ക് ഇക്കാലത്ത് എന്ത് ചെയ്യാനാണ്?; പൃഥ്വി ഷായ്‌ക്കെതിരെ പരാതി നല്‍കി സപ്‌ന ഗില്‍