ഏകദിന ലോകകപ്പും ഏഷ്യൻ ഗെയിംസും ഏറെക്കുറെ ഒരേ സമയത്തായതിനാൽ തന്നെ ലോകകപ്പ് ടീമിൽ ഇടം നേടാൻ ഇടയില്ലാത്ത ഒരു പിടി യുവതാരങ്ങളെയാണ് ഏഷ്യൻ ഗെയിംസിനായി ബിസിസിഐ തെരഞ്ഞെടുത്തത്. ഇന്ത്യൻ സീനിയർ താരം ശിഖർ ധവാൻ ടീമിന്‍റെ നായകനായെത്തും എന്നായിരുന്നു ടീം പ്രഖ്യാപിക്കുന്നതിന് മുന്നേയുള്ള വിലയിരുത്തൽ. എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ നായക സ്ഥാനം പോയിട്ട് ടീമിൽ ഇടം നേടാൻ പോലും ധവാനായില്ല.
ഇപ്പോൾ ഈ സംഭവത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ധവാൻ. നായകനാക്കുമെന്ന് പറഞ്ഞിട്ട് ടീമിൽ പോലും ഉൾപ്പെടുത്താത്തത് തന്നെ ഞെട്ടിച്ചുവെന്നാണ് ധവാൻ വ്യക്‌തമാക്കിയിരിക്കുന്നത്. എന്നാൽ സെലക്‌ടർമാർക്ക് മറ്റൊരു പ്ലാനായിരുന്നെന്നും മികച്ച ഒരു പിടി യുവതാരങ്ങൾ ഉള്ളതിനാൽ തന്നെ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും ധവാൻ വ്യക്‌തമാക്കി.
'എന്‍റെ പേര് ഏഷ്യൻ ഗെയിംസ് സ്‌ക്വാഡിൽ ഇല്ലാതിരുന്നപ്പോൾ ഞാൻ അൽപ്പം ഞെട്ടിപ്പോയി. പക്ഷേ, സെലക്‌ടർമാര്‍ക്ക് വ്യത്യസ്‌തമായ ചിന്താഗതി ഉള്ളതായി ഞാൻ പിന്നീട് മനസിലാക്കി. അത് അംഗീകരിക്കുന്നു. റിതുരാജ് ഗെയ്‌ക്‌വാദ് ടീമിനെ നയിക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാ മികച്ച യുവതാരങ്ങളും ടീമിലുണ്ട്. അവർ നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ധവാൻ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യയുടെ വിശ്വസ്‌തനായ ഓപ്പണറായിരുന്നു രോഹിത് ശർമ. എന്നാൽ അപ്രതീക്ഷിതമായി ടീമിൽ നിന്ന് പുറത്തായതും, ഏകദിനത്തിൽ ശുഭ്‌മാൻ ഗിൽ ഓപ്പണർ സ്ഥാനത്തേക്ക് രോഹിതിനൊപ്പം സ്ഥാനം പിടിച്ചതും ധവാന്‍റെ തിരിച്ചുവരവ് സാധ്യതകൾ ഏറെക്കുറെ അവസാനിപ്പിച്ചിട്ടുണ്ട്. ടെസ്റ്റ്, ടി20 ടീമുകളിൽ നിന്ന് നേരത്തെ പുറത്തായ താരത്തിന് ഇനി ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമെന്ന് തന്നെ പറയാം.
തിരിച്ച് വരുമെന്ന് ധവാൻ : അതേസമയം തോറ്റുമടങ്ങാൻ തയ്യാറല്ലെന്നും തിരിച്ചുവരവിനായി പരിശ്രമിച്ചുകൊണ്ടിരിക്കുമെന്നും ധവാൻ വ്യക്‌തമാക്കി. 'തീർച്ചയായും തിരിച്ചുവരവിന് ഞാൻ തയ്യാറായിരിക്കും. എപ്പോൾ അവസരം ലഭിച്ചാലും തിരിച്ച് വരുന്നതിന് വേണ്ടിയാണ് ഞാൻ ഫിറ്റ്‌നസ് നിലനിർത്തുന്നത്. ടീമിലേക്ക് തിരിച്ചെത്താൻ ഒരു ശതമാനം മുതൽ 20 ശതമാനം വരെ അവസരം ഇപ്പോഴുമുണ്ട്.
ഞാൻ ഇപ്പോഴും പരിശീലനം ആസ്വദിക്കുന്നു. ഞാൻ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നു, ഇതെല്ലാം എന്‍റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളാണ്. സെലക്‌ടർമാർ എന്ത് തീരുമാനമെടുത്താലും ഞാൻ അതിനെ മാനിക്കുന്നു. ഞാൻ ഒരു സെലക്‌ടറുമായും എന്‍റെ ഭാവിയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. അവിടെ എന്‍റെ സമയം ആസ്വദിക്കുന്നു.
അവിടുത്തെ സൗകര്യങ്ങൾ മികച്ചതാണ്. എൻസിഎ എന്‍റെ കരിയർ രൂപപ്പെടുത്തിയിട്ടുണ്ട്, അതിൽ ഞാൻ നന്ദിയുള്ളവനാണ്. എനിക്ക് വരാനിരിക്കുന്ന ഐപിഎല്ലിനായി തയ്യാറെടുക്കേണ്ടതുണ്ട്. കൂടാതെ സയ്യിദ് മുഷ്‌താഖ് അലിയും വിജയ് ഹസാരെയും കളിക്കും. ധവാൻ കൂട്ടിച്ചേർത്തു.
ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ ടീം : റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ്മ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിങ്‌ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, അവേശ് ഖാൻ, അർഷ്‌ദീപ് സിങ് , മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ)
സ്റ്റാൻഡ്‌ബൈ താരങ്ങൾ : യാഷ് താക്കൂർ, സായ് കിഷോർ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, സായ് സുദർശൻ