ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലേക്ക് കെഎൽ രാഹുൽ എത്തിയതോടെ നായകനായി ആദ്യം പരിഗണിച്ചിരുന്ന ശിഖർ ധവാന്‍റെ സ്ഥാനം തെറിച്ചിരുന്നു. സീനിയർ താരമായ ധവാനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. എന്നാൽ സീനിയർ താരമെന്ന നിലയിൽ യുവതാരങ്ങളുടെ എന്ത് സംശയങ്ങൾക്കും ഉത്തരം നൽകാൻ താൻ ഉണ്ടാകുമെന്നും അവർക്ക് ഏത് സമയത്തും തന്നെ സമീപിക്കാമെന്നും വ്യക്‌തമാക്കിയിരിക്കുകയാണ് ശിഖർ ധവാൻ.
ടീമിലെ യുവതാരങ്ങളുമായി അനുഭവം പങ്കുവയ്ക്കുന്നത് എനിക്ക് വളരെ ഇഷ്‌ടമാണ്. ഡങ്കൻ ഫ്ലെച്ചർ ഇന്ത്യൻ കോച്ചായിരുന്നപ്പോഴാണ് 2014-ൽ ഞാൻ ഇവിടെയെത്തിയത്. യുവതാരങ്ങൾ എന്തെങ്കിലും നിർദ്ദേശങ്ങൾക്കായി എന്നെ സമീപിച്ചാൽ അവർക്ക് ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്. ധവാൻ പറഞ്ഞു.
രാഹുലിന് മികച്ച അവസരം: 'കെ.എൽ തിരിച്ചെത്തി. ടീമിനെ നയിക്കുമെന്നതും വളരെ നല്ല വാർത്തയാണ്. ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാരിലൊരാളാണ് അദ്ദേഹം. ഏഷ്യ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇത് അദ്ദേഹത്തിന് ഒരു മികച്ച അവസരം ആയിരിക്കും. ഈ പര്യടനത്തിൽ നിന്ന് അദ്ദേഹത്തിന് ഒരുപാട് നേട്ടമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,' ധവാൻ പറഞ്ഞു.
വാഷിങ്ടണ്‍ സുന്ദറിന്‍റെ അഭാവത്തെക്കുറിച്ചും ധവാൻ വ്യക്‌തമാക്കി. 'വാഷിങ്ടണ്‍ പുറത്തായതിൽ ഖേദമുണ്ട്. ടീമിന് അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. പരിക്കുകൾ സംഭവിക്കുന്നു, പക്ഷേ അത് ഭാഗികമാണ്. അവൻ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ സുന്ദറിന്‍റെ അഭാവം നികത്താൻ കഴിവുള്ള താരങ്ങളാണ്,' ധവാൻ പറഞ്ഞു.
നിസാരക്കാരല്ല: സിംബാബ്‌വെയെ നിസാരക്കാരായി കാണേണ്ട കാര്യമില്ലെന്നും ധവാൻ പറഞ്ഞു. 'ബംഗ്ലദേശിനെതിരെ അവർ വിജയിച്ചു, അവർ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഇത് ഞങ്ങൾക്കും നല്ലതാണ്. ഞങ്ങൾക്ക് ഒന്നും നിസാരമായി കാണാനാവില്ല. എതിരാളി ശക്‌തരാണോ ദുർബലരാണോ എന്ന് പരിശോധിക്കാതെയാണ് ഞങ്ങൾ മത്സരത്തിനിറങ്ങുന്നത്. ഇതിലൂടെ ഞങ്ങൾക്ക് ശരിയായ ഫലങ്ങൾ ലഭിക്കുന്നു.' ധവാൻ വ്യക്‌തമാക്കി.
സിംബാവെയുടെ സീനിയർ ബാറ്റർ സിക്കന്ദർ റാസയെയും ധവാൻ പ്രശംസിച്ചു. അവൻ വളരെ നല്ല കളിക്കാരനാണ്. അവൻ സിംബാബ്‌വെയ്‌ക്കായി വളരെക്കാലമായി കളിക്കുന്നു. ഞങ്ങളുടെ ബൗളർമാർ അദ്ദേഹത്തെ പുറത്താക്കുന്നതിനായി നല്ല പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാതെ ഇന്ത്യൻ യുവതാരങ്ങൾക്കും ഈ പരമ്പര മികച്ചൊരു അവസരമാണ്. ധവാൻ കൂട്ടിച്ചേർത്തു.
സീനിയർ താരങ്ങൾക്ക് വിശ്രമം: മൂന്ന് ഏകദിനങ്ങൾ ഉൾപ്പെടുന്ന പരമ്പര ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് നടക്കുക. മലയാളി താരം സഞ്ജു സാംസണും 15 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. രോഹിത് ശർമ, വിരാട് കോലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് പരമ്പരയിൽ വിശ്രമം നൽകിയിട്ടുണ്ട്.
ഇന്ത്യന്‍ സ്‌ക്വാഡ്: കെഎൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.