സിഡ്‌നി: കുട്ടി ക്രിക്കറ്റിന്‍റെ പുതിയ രാജാക്കന്മാര്‍ ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളാണ് അവസാന നാലിലേക്ക് മുന്നേറിയത്. സെമിലൈനപ്പ് ആയതിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന്‍ സ്വപ്‌ന ഫൈനലിന് വേണ്ടിയാകും ഏവരും കാത്തിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍.
എല്ലാവരും ഇന്ത്യ പാകിസ്ഥാന്‍ ഫൈനല്‍ കാണാനാണ് ആഗ്രഹിക്കുന്നത്. മെല്‍ബണില്‍ ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയ മത്സരം എനിക്ക് നഷ്‌ടപ്പെട്ടിരുന്നു. മത്സരത്തിന് ശേഷം വന്ന റിപ്പോര്‍ട്ടുകളെല്ലാം തന്നെ അതിന്‍റെ സവിശേഷതകള്‍ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.
2007ലെ ആദ്യ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലേറ്റുമുട്ടി. ഇരുടീമുകളും ഒരു പ്രാവശ്യം കൂടി മുഖാമുഖം വന്നാല്‍ അത് കാണാന്‍ എല്ലാവരും ഇഷ്‌ടപ്പെടുമെന്നും വാട്‌സണ്‍ പറഞ്ഞു. ഐസിസി വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഓസീസ് താരത്തിന്‍റെ പ്രതികരണം.
സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് പാകിസ്ഥാന്‍ കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നും വാട്‌സണ്‍ അഭിപ്രായപ്പെട്ടു. സൂപ്പര്‍12ലെ ആദ്യ മത്സരങ്ങള്‍ പരിശോധിച്ചാല്‍ പാകിസ്ഥാന്‍ സെമിയിലേക്ക് മുന്നേറുമെന്ന് ആരും കരുതിയിരുന്നതല്ല. എന്നാല്‍ ടൂര്‍ണമെന്‍റ് പകുതിയിലെത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറി. ഇപ്പോള്‍ പാകിസ്ഥാന്‍ മത്സരങ്ങളെ സമീപിക്കുന്ന രീതി കിവീസിന് അപകടകരമാണെന്നും വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ നവംബര്‍ ഒമ്പതിനാണ് ആരംഭിക്കുന്നത്. അന്ന് നടക്കുന്ന ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. അടുത്ത ദിവസത്തെ മത്സരത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടാണ് എതിരാളി.
Also Read: വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനല്‍ ?; ടി20 ലോകകപ്പ് ആവേശം കൊടുമുടിയിലേക്ക്