ലീഡ്‌സ്: ഇംഗ്ലണ്ട് - ന്യൂസിലൻഡ് പരമ്പരയിലെ 3-ാം ടെസ്റ്റ് മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഷെയ്ൻ വോൺ ഉൾപ്പെട്ട പരസ്യം സംപ്രേക്ഷണം ചെയ്‌തതില്‍ ആരാധക പ്രതിഷേധം. പിന്നാലെ പരസ്യം പിൻവലിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ വിമർശനമാണ് ചാനലിന് എതിരെ ഉണ്ടായത്. പ്രമുഖ സ്പോർട്‌സ് ചാനലായ സ്‌കൈ സ്പോർട്‌സാണ് അന്തരിച്ച സ്‌പിൻ ഇതിഹാസം ഷെയ്ൻ വോണിന്‍റെ പരസ്യം സംപ്രേക്ഷണം ചെയ്‌ത് പൊല്ലാപ്പിലായത്.
കഴിഞ്ഞ മാർച്ചിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു 52 കാരനായിരുന്ന വോണിന്‍റെ വേർപാട്. ഇംഗ്ലണ്ട്– ന്യൂസിലൻഡ് ടെസ്റ്റിന്‍റെ 2–ാം ദിവസത്തെ കളിക്കിടെ ‘അഡ്വാൻസ്‌ഡ് ഹെയർ സ്റ്റുഡിയോ' യുടെ പരസ്യത്തിലാണു വോൺ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പരസ്യം കണ്ടു ഞെട്ടിപ്പോയെന്നും ഇതു വോണിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും അരോചകമായി തോന്നുന്നുവെന്നും ആരാധകർ ട്വീറ്റ് ചെയ്‌തു.
‘ഷെയിൻ വോണിനെ ഇത്തരത്തിൽ അവതരിപ്പിക്കുന്ന പരസ്യം കാണിക്കുന്നതു ഉചിതമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്‍റെ കണ്ണിൽ ഇത് അൽപ്പം അരോചകമാണ്’– ആരാധകരിൽ ഒരാളുടെ ട്വീറ്റ് ഇങ്ങനെ. ‘അടുത്തിടെ അന്തരിച്ച സ്‌പിൻ ഇതിഹാസം ഷെയ്ൻ വോണെ പരസ്യത്തിലൂടെ അപമാനിക്കുന്നതായി തോന്നിയത് എനിക്കു മാത്രമാണോ’– ഇതായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
‘ഗ്രഹാം ഗൂച്ചിന്‍റെ 20 വർഷം പഴക്കമുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചിട്ടു മതിയായെന്നു തോന്നുന്നില്ല. അടുത്തിടെ അന്തരിച്ച സ്‌പിൻ ഇതിഹാസം ഷെയ്ൻ വോണിന്‍റെ ഫുട്ടേജ് അവർ ഇപ്പോഴും ഉപയോഗിക്കുകയാണ്, അൽപ്പം വിചിത്രമായി തോന്നുന്നു’– മറ്റൊരു ആരാധകൻ തന്‍റെ അമർഷം രേഖപ്പെടുത്തിയത് ഇങ്ങനെ. എന്തായാലും പ്രതിഷേധം അതിരു വിടുന്നതിനു മുൻപ് തന്നെ പ്രക്ഷേപകർ പരസ്യം പിൻവലിച്ച് കൂടുതൽ വിവാദങ്ങളിൽ നിന്നും രക്ഷപ്പെട്ടു.