ഇസ്ലാമബാദ് : മോശം ഫോം തുടരുന്ന ഇന്ത്യൻ താരം വിരാട് കോലിയുടെ മനോഭാവത്തെ ചോദ്യം ചെയ്‌ത് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. തന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് ലോകത്തെ ഒന്നാം നമ്പർ താരമാകാൻ ആഗ്രഹിച്ചിരുന്ന കോലി ഇന്നും അതേ പ്രചോദനത്തോടെയാണോ കളിക്കുന്നതെന്നും, ഇതുവരെ നേടിയ നേട്ടങ്ങളിൽ തൃപ്‌തിയടഞ്ഞോയെന്നും അഫ്രീദി ചോദിച്ചു.
ക്രിക്കറ്റിൽ മനോഭാവമാണ് ഏറ്റവും പ്രധാനം. അതിനെക്കുറിച്ചാണ് ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. തന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് ലോകത്തെ ഒന്നാം നമ്പർ ബാറ്ററാകാൻ കോലി ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ന് അതേ പ്രചോദനത്തോടെയാണോ അദ്ദേഹം ബാറ്റ് വീശുന്നത്?
അവന് ക്ലാസുണ്ട് എന്നാൽ വീണ്ടും നമ്പർ 1 ആകാനുള്ള ആഗ്രഹം അവനുണ്ടോ? അതോ ജീവിതത്തിൽ എല്ലാം നേടിയെന്നാണോ അവൻ കരുതുന്നത്? ഇപ്പോൾ വിശ്രമിച്ച് സമയം പാഴാക്കണോ?, ഇതെല്ലാം മനോഭാവത്തെ ആശ്രയിച്ചാണുള്ളത് - അഫ്രീദി പറഞ്ഞു.
കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെയാണ് കോലി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളുമായി കോലി കളംനിറഞ്ഞിരുന്നു. എന്നാല്‍ കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട് രണ്ട് വർഷത്തോളമായി. ഐപിഎല്ലിലും വളരെ മോശം ഫോമിലാണ് കോലി ബാറ്റ് വീശിയത്.
കളിക്കളത്തിൽ താളം കണ്ടെത്താൻ താരത്തിന് വിശ്രമം നൽകണമെന്ന് രവി ശാസ്‌ത്രി ഉൾപ്പടെയുള്ള മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ട്വന്‍റി 20 പരമ്പരയിൽ നിന്ന് കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. നിലവിൽ ഭാര്യ അനുഷ്‌ക ശർമയ്‌ക്കൊപ്പം വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ് കോലി.